Asianet News MalayalamAsianet News Malayalam

ഉടൻ മഠം ഒഴിയണം, ജ്യോതിഭവനിലെ താമസം അനധികൃതം; സിസ്റ്റർ ലിസ്സിക്കെതിരെ സന്യാസിനി സഭ

കന്യാസ്ത്രീയ്ക്ക് ഉചിതമായ നിർദേശം നൽകുന്നതിൽ വീഴ്ച വരുത്തിയ ലിസ്സി വടക്കേൽ ചെയ്തത് കുറ്റം, കന്യാസ്ത്രീയെ കൗണ്സിലിംഗ് ചെയ്യുന്ന സമയത്തു പീഡന വിവരം അറിഞ്ഞിരുന്നുവെങ്കിൽ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയ‍റിന്റെ കത്ത് 

Kerala nun rape case fcc concretion against sister lissy vadakkeyil
Author
Kottayam, First Published Mar 25, 2019, 4:11 PM IST

കോട്ടയം: ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ. സ്ഥലംമാറ്റ ഉത്തരവ് ഉടൻ അനുസരിക്കാൻ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിർദേശം നല്‍കി. മാർച്ച് 31നകം വിജയവാഡയിൽ എത്തണമെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ ലിസ്സി വടക്കേയിലിന് നിര്‍ദേശിച്ചു.

മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമെന്നും സന്യാസിനി സഭ കത്തിൽ പറയുന്നു. ഉടൻ മഠം ഒഴിയണമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ വിശദമാക്കുന്നു. കന്യാസ്ത്രീയെ കൗണ്സിലിംഗ് ചെയ്യുന്ന സമയത്തു പീഡന വിവരം അറിഞ്ഞിരുന്നുവെങ്കിൽ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയ‍റിന്റെ കത്ത് ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിർദേശം നൽകുന്നതിൽ വീഴ്ച വരുത്തിയ ലിസ്സി വടക്കേൽ ചെയ്തത് കുറ്റമാണെന്ന് സന്യാസിനി സഭ വിശദമാക്കുന്നു. 

സിസ്റ്റർ ലിസ്സി വടക്കേലിനു കൗണ്സിലിംഗ് നടത്താൻ ഉള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും സന്യാസിനി സഭ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബിഷപ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗ കേസിൽ   മൊഴിമാറ്റാൻ കടുത്ത മാനസിക പീഡനമെന്ന് ലിസ്സി വടക്കേല്‍ വെളിപ്പെടുത്തിയിരുന്നു . മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ സന്യാസ ജീവിതം അവസാനിപ്പിക്കാനാണ് കൽപ്പനയെന്ന് സിസ്റ്റര്‍ തുറന്ന് പറഞ്ഞിരുന്നു. പൊലീസ് സാക്ഷിയായ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും  സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള സന്യാസ സമൂഹത്തിലെ  സിസ്റ്റർ ലിസി വടക്കേൽ ആരോപിച്ചിരുന്നു. 

എന്നാല്‍ സിസ്റ്റർ ലിസ്സി വടക്കേലിന്റെ ആരോപണങ്ങൾ  എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ തള്ളിയിരുന്നു.മരുന്നും ഭക്ഷണവും നൽകുന്നില്ലെന്ന സിസ്റ്റർ ലിസ്സി വടക്കേലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സന്യാസിനി സഭ വ്യക്തമാക്കി. മറ്റ് സന്യാസികൾക്ക് നൽകുന്ന എല്ലാ സൗകര്യങ്ങളും ലിസിയ്ക്കും നൽകുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ മൊഴി നൽകുന്നതിൽ നിന്ന് സിസ്റ്റർ ലിസ്സി വടക്കേലിനെ വിലക്കിയിട്ടില്ല. ലിസിക്ക് ഇപ്പോള്‍ ആവശ്യം ചികിത്സയും പരിചരണവും വിശ്രമവും.ഇത് നല്കാൻ എഫ്സിസി വിജയവാഡ പ്രോവിന്‍സ് ഒരുക്കമാണ്. ഇനി വിജയവാഡയിലേക്ക് പോവുകയാണ് സിസ്റ്റർ ലിസ്സി വടക്കേൽ ചെയ്യേണ്ടതെന്നും സന്യാസിനി സഭ വിശദമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios