തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചായത്തുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാരായിരുന്ന 51 പേർക്ക് സ്ഥിര നിയമനം നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഒക്ടോബർ 15 നാണ് സംസ്ഥാന സർക്കാർ ഡ്രൈവർമാരെ സ്ഥിരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ പിഎസ്‌സിയോടും കേരള സർക്കാരിനോടും ട്രൈബ്യൂണൽ വിശദീകരണം തേടിയിട്ടുണ്ട്.