Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22 ന് തുടങ്ങും; സമയക്രമം പുതുക്കി

ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി ഉത്തരവിറങ്ങി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും

Kerala Plus one allotment on august 3rd classes to start from 22nd of August
Author
Thiruvananthapuram, First Published Jul 25, 2022, 7:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി ഉത്തരവിറങ്ങി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും.

സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം. ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ഇന്ന് വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ  ആവശ്യം കോടതി അംഗീകരിച്ചാണ് ഇന്ന് വൈകിട്ട് 5 മണിവരെ  സമയം  നീട്ടി നൽകിയത്.

അതേസമയം പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റില്ലെന്ന പരാതി വ്യാപകമാണ്. പ്ലസ് ടു പുതിയ ബാച്ച് അനുവദിക്കാത്തതിൽ കേരള സർക്കാർ നടപടിക്കെതിരെ  ഹർജിയുമായി മലപ്പുറം മുന്നിയൂർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്ന് സുപ്രീംകോടതിയിൽ നല്‍കിയ അപ്പീലില്‍ പറയുന്നു. മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ അപര്യാപ്തമെന്നും ഹർജിയിൽ ഉണ്ട്. നേരത്തെ ഇവരുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.  

സയൻസ് കൊമേഴ്സ്, ഹ്യൂമാനിറ്റ്സ് ബാച്ചുകളിലായി കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുന്നിയൂർ എച്ച് എസ് എസ് അടക്കം നാല് സ്കൂളുകൾക്ക് മൂന്ന് ബാച്ചുകൾ അനുവദിക്കാൻ നിർദ്ദേശം നൽകി. എന്നാൽ നടപടി സാമ്പത്തികമായി സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കാട്ടി സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് സ്കൂൾ മാനേജ്മെന്റ്  സുപ്രീം കോടതിയിൽ എത്തിയത്. മലപ്പുറത്ത് ഉപരിപഠനത്തിന് പത്താം ക്ലാസിൽ യോഗൃത നേടുന്നവർക്ക് പഠിക്കാൻ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. 

2000 കുട്ടികൾ എസ്‌ എസ്‌ എൽ സി കഴിഞ്ഞ് ഇറങ്ങുമ്പോഴും 200 പ്ലസ് ടു സീറ്റുകൾ മാത്രമാണ് നിലവിലുള്ളതെന്നു സ്കൂള്‍ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളിലും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് പുറത്ത് പോയി പഠിക്കാനും കഴിയുന്നില്ല. ഇക്കാര്യം മുഖവിലക്കെടുത്ത് കൂടുതൽ സീറ്റുകൾ അനുവദിക്കുന്നതിനു ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

അധിക ബാച്ച് അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത കൂട്ടുമെന്ന് സർക്കാർ നിലപാടും ഡിവിഷൻ ബെഞ്ച് കണക്കിലെടുത്താണ് ഉത്തരവ് റദ്ദാക്കിയത്., ഈ നടപടി ജില്ലാ പത്താം ക്ലാസ് പഠനം പൂർത്തിയാക്കുന്നവരുടെ ഉപരിപഠനത്തെ ബാധിക്കുന്നുവെന്നും  പഠനം പൂർത്തിയാക്കിയ ഇറങ്ങുന്ന 75,000 പേരാണെന്നിരിക്കെ, ആകെ 65,035 പേർക്കുള്ള ഉപരിപഠനസാധ്യത മാത്രമാണ് ജില്ലിയിലുള്ളതെന്നും  പതിനായിരത്തോളം കുട്ടികൾക്ക് ഉപരിപഠനസാധ്യത അടയുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.സ്കൂള്‍ മാനേജ്മെന്റിനായി സുപ്രീം കോടതി അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി എസ് ഹര്‍ജി ഫയൽ ചെയ്തതത്. അതെസമയം എയിഡഡ് മേഖലയിലെ സ്‌കൂളുകൾക്ക് അധിക ബാച്ച് അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. പകരം നിലവിലുഉള്ള ബാച്ചുകളില്‍ കൂടുതല്‍ സീറ്റുകൾ അനുവദിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios