തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടി വ്യക്തിയല്ല. പൊലീസ് നിയമ ഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത്. നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
കേരളത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ ബിജെപിയെ കോൺഗ്രസ് വിമർശിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ താഴേ തട്ടിൽ ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത് ഡിസംബർ മൂന്നിന് സർക്കാർ നേട്ടങ്ങൾ നിരത്തി വികസന വിളംബരം നടത്തും. ഓരോ പഞ്ചായത്തിലും പരിപാടി സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് വെബ് റാലി നടത്തുംമെന്നും അദ്ദേഹം അറിയിച്ചു.