കേരള പോലീസ് നടത്തിയ "ഡ്രൈവ് സോബർ - സ്റ്റേ എലൈവ്" സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനം ഓടിച്ച 2,936 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയിൽ 662 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുകയും വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം: റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ സ്പെഷ്യൽ ഡ്രൈവ് പൂർത്തിയായി. "ഡ്രൈവ് സോബർ - സ്റ്റേ എലൈവ്" (Drive Sober - Stay Alive) എന്ന പേരിൽ നടത്തിയ ഈ പരിശോധനയിൽ സംസ്ഥാനത്താകെ 67,979 വാഹനങ്ങളാണ് പരിശോധിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ 2,936 പേർക്കെതിരെ പോലീസ് കേസെടുത്തു. നിയമലംഘനം ഗുരുതരമായ 662 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റിയോട് ശുപാർശ ചെയ്തിട്ടുമുണ്ട്.
2026 ജൂലൈ 8 മുതൽ 13 വരെയുള്ള കാലയളവിലാണ് സംസ്ഥാനവ്യാപകമായി ഈ പ്രത്യേക പരിശോധന നടത്തിയത്. മദ്യപിച്ചുള്ള ഡ്രൈവിംഗ് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നു എന്ന് മാത്രമല്ല, മറ്റ് യാത്രക്കാരുടെ ജീവന് കൂടിയാണ് ഇത് ഭീഷണിയാകുന്നത്. ഈ സാഹചര്യത്തിലാണ് കർശന പരിശോധനയുമായി പൊലീസ് രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗങ്ങൾ നിരന്തര പരിശോധന നടത്തുമെന്നും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സ്പെഷ്യൽ ഡ്രൈവ് പൂർത്തിയാക്കിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ഈ കാമ്പയിനിലൂടെ സാധിച്ചു.
പൊതുജനങ്ങൾക്ക് ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് പൊലീസിനെ നേരിട്ട് അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷാ സംരംഭമായ "ശുഭയാത്ര"യുടെ വാട്സ്ആപ്പ് നമ്പറായ 9747001099 ലേക്ക് നിയമലംഘനങ്ങളുടെ വിവരങ്ങൾ അയക്കാം. ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവ സഹിതമാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാൻ സാധിക്കുക.


