Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകും

കേസ് പിൻവലിക്കാനാവശ്യമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

kerala police booked journalist on ex dgp tp senkumar fake-complaint issue will be in assembly
Author
Thiruvananthapuram, First Published Feb 3, 2020, 12:14 AM IST

തിരുവനന്തപുരം: ടിപി സെൻകുമാറിന്‍റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാറിനെയും, കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനെയും പ്രതിയാക്കികേസെടുത്തതിനെതിരെ, പത്രപ്രവർത്തക യൂണിയൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം യൂണിയന്‍ മുഖ്യമന്ത്രിയെ അറിയിക്കും. 

കേസ് പിൻവലിക്കാനാവശ്യമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ നിയമവിദഗ്ധരും വ്യാപക വിമർശമാണ് ഉയ‍ർത്തുന്നത്. മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തിയ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തിൽ പ്രതികരിക്കാതെ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. പൊലീസിനും മുൻ ഡിജിപിയും പരാതിക്കാരനുമായ സെൻകുമാറിനുമെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

കേരള പൊലീസ്, ഉത്തർപ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം പൊലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ ആവശ്യപ്പെട്ടത്. പൊലീസ് നടപടി തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, നടപടികൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ  കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.  

പിന്നാലെ എതിർപരാതിയുമായി സെൻകുമാറും  രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി ജി സുരേഷ്‍ കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ  പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios