തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വർഷം ഇതുവരെ  പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. ജനുവരി ഒന്നു മുതൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ് ഇത്രയും പിഴ ഈടാക്കിയത്. ഇതേ കാലയളവിനുള്ളിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച 82630 പേർക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചാൽ കേരള പകർച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. 500 മുതൽ 5000വരെ പിഴ ചുമത്താം. അങ്ങനെ കഴിഞ്ഞ അഞ്ചു മാമാസവും 8 ദിവസത്തിനുമുള്ളിൽ പൊലീസിന് പിഴയിനത്തിൽ കിട്ടിയത് 35,17,57,048 രൂപയാണ്. 

ഇപ്പോൾ തുടരുന്ന ലോക്ക്ഡൗണ്‍  കാലയളവിലാണ് റിക്കോർഡ് പിഴ പിരിച്ചത്. 1,96,31,100 രൂപയാണ് ഈ ലോക്ഡൗണ്‍ കാലത്ത് പിഴയീടാക്കിയത്. മെയ് 14 മുതൽ 20വരെയുള്ള കാലയളവിലാണ് ഇത്രയും തുക പിരിച്ചത്.  കൊവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദമണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയാണ് പൊലീസ് ചുമത്തുന്നത്. വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 രൂപയാണ് പിഴയീടാക്കുന്നത്. മാസ്ക്കില്ലെങ്കിൽ 500 രൂപ. ഇങ്ങനെ പിരിച്ചു തുടങ്ങിയപ്പോഴാണ് കോടികള്‍ പൊലീസിലെത്തിയത്. കഴിഞ്ഞ മാസം മാർച്ചിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവിൽ നിന്നുള്ള പിഴ അടയക്കാനായി മാത്രം എല്ലാം ജില്ലകളിലും പൊലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു. 

ഓരോ ദിവസവും പിരിക്കുന്ന പിഴത്തുക സ്റ്റേഷനുകള്‍ ഈ അക്കൗണ്ടിലേക്ക് അടക്കും. എല്ലാ മാസത്തിൻറെയും ആദ്യം ജില്ല എസ്പിമാർ ഈ തുക പരിശോധിച്ച് ട്രഷറിയിലേക്ക് മാറ്റും. ലോക്ക്ഡൗണായതോടെ സർക്കാരിൻറെ മദ്യവും ലോട്ടറിയുമുൾപ്പെടെ പ്രധാന വരുമാന മാർഗങ്ങലെല്ലാം നിലച്ചിരിക്കുകയാണ്. ജനങ്ങളിൽ നിന്നുള്ള പിഴ തുകയാണ്  ഇപ്പോൾ കോടികളായി ഖജനാവിലേക്കെത്തുന്നത്. കൊവിഡ് പ്രോട്ടോക്കാൾ ജനം പാലിക്കാത്തതിൻറെ തെളിവാണ് പിഴത്തുകയെന്നാണ് കണക്ക് നിരത്തി പൊലീസ് പറയുന്നത്. എന്നാലിപ്പോൾ നിസ്സാരകാര്യങ്ങൾക്കു പോലുംവൻ തുക പിഴ ചുമത്തുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona