Asianet News MalayalamAsianet News Malayalam

'മാനവസ്നേഹത്തിന് തെക്കും വടക്കും അതിരുകളില്ല'; അതിജീവനത്തിന്‍റെ സന്ദേശമുയര്‍ത്തി കേരള പൊലീസ്

നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ അതിജീവനമെന്നും കേരള പൊലീസ് ഓര്‍മ്മിപ്പിക്കുന്നു

Kerala Police facebook post on kerala flood relief 2019
Author
Thiruvananthapuram, First Published Aug 16, 2019, 7:29 PM IST

തിരുവനന്തപുരം: പ്രളയത്തിന്‍റെ വേദനകളില്‍ നിന്ന് കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്. എല്ലാം മറന്ന് കേരളത്തിന്‍റെ അതിജീവനത്തിനായി കൈകോര്‍ക്കുന്നവര്‍ മാനവ സ്നേഹത്തിന്‍റെ സന്ദേശം കൂടിയാണ് ഉയര്‍ത്തുന്നത്. അത്തരത്തില്‍ കേരളത്തിന്‍റെ തെരുവോരങ്ങളില്‍ അതിജീവനത്തിന്‍റെ സന്ദേശമുയര്‍ത്തുന്നവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി കേരള പൊലീസിന്‍റെ കുറിപ്പ്.

മാനവസ്നേഹത്തിന് തെക്കും വടക്കുമെന്ന ദേശവ്യത്യാസത്തിന്‍റെ അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഏവരുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്ന കേരള പൊലീസ് ഈ നാടിന്‍റെ നന്മയും കരുത്തും പ്രതീക്ഷകളുമാണ് ഇതെല്ലാമെന്ന് വ്യക്തമാക്കുന്നു. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ അതിജീവനമെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

ഇത് കേരളമാണ്... നാം അതിജീവിക്കും...

പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മഹനീയ മാതൃകകൾ നമുക്ക് കാണാൻ സാധിച്ചു. ഒരുപ്രളയത്തെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണ് നാം. മറ്റൊരു ദുരന്തം കൂടി കേരളത്തെ പിടിച്ചുലച്ചപ്പോൾ വിഭാഗീയത സൃഷ്ടിക്കാനും നുണക്കഥകളുടെ പെരുമഴ തീർക്കാനും ശ്രമിച്ചവർക്കു മുന്നിൽ തളരാതെ നിന്ന് പോരാടുകയാണ് ഈ കൊച്ചുകേരളം..

ദൈവത്തിന്‍റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്. ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പ്രാര്‍ത്ഥനാ മുറി വിട്ടുനല്‍കിയ പോത്തുകല്ല് മസ്ജിദുള്‍ മുജാഹിദീന്‍ പള്ളി മതത്തിനും ജാതിക്കും മുകളില്‍ മനുഷ്യസ്നേഹത്തിന്റെ മാതൃകയാണ്...

ദുരന്തമുഖത്തു നിസ്വാർത്ഥ സേവകരായ സന്നദ്ധ പ്രവർത്തകരും, പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവും, ദുരിതബാധിതർക്ക് തന്‍റെ കടയിലെ വസ്ത്രങ്ങളെല്ലാം നൽകി മാതൃകയായ നൗഷാദും, ശേഖരിച്ചുവച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസനിധിയിലേക്കു നൽകിയ കുഞ്ഞുമക്കളും...

മാനവസ്നേഹത്തിന് തെക്കും വടക്കുമെന്ന ദേശവ്യത്യാസത്തിന്‍റെ അതിരുകളില്ലെന്ന് തെളിയിച്ച കൂട്ടായ്മകളും... ദുരിതാശ്വാസസാമഗ്രികൾ സമാഹരിക്കുവാനും ക്യാമ്പുകളിൽ വിതരണം ചെയ്യുവാനും അക്ഷീണം പ്രയത്നിക്കുന്ന യുവജനങ്ങളുമൊക്കെ ഈ നാടിന്റെ നന്മയും കരുത്തും പ്രതീക്ഷകളുമാണ്...

കൈകോർക്കാം.. കൈത്താങ്ങാകാം... ഒരുമയോടെ മുന്നേറാം. . നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ അതിജീവനം...

Follow Us:
Download App:
  • android
  • ios