സിപിഎം നേതാവ് കെ.ജെ.ഷൈന്‍റെ പരാതിയിൽ കെ.എം.ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിന് കോടതിയിൽ നിന്ന് രൂക്ഷ വിമർശനം. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നും തെളിവുകൾ ശേഖരിച്ച ശേഷം മാത്രം തുടർനടപടികൾ മതിയെന്നും തീരുമാനം
തിരുവനന്തപുരം : സിപിഎം നേതാവ് കെ.ജെ.ഷൈന്‍റെ പരാതിയിലെടുത്ത കേസില്‍ അനാവശ്യ തിടുക്കം കാണിച്ചെന്ന വിമര്‍ശനമുയര്‍ന്നതോടെ വെട്ടിലായി പൊലീസ്. കെ.എം.ഷാജഹാനെ അറസ്റ്റ് ചെയ്തതതില്‍ കോടതിയുള്‍പ്പെടെ എതിരായതോടെ അന്വേഷണസംഘം ഇന്ന് യോഗം വിളിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങി മുന്നോട്ട് പോകേണ്ടെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം മതി തുടര്‍ നടപടികളെന്നുമുള്ള വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍.
സൈബര്‍ അധിക്ഷേപത്തിനെതിരെ പറവൂരിലെ സിപിഎം നേതാവ് കെ.ജെ.ഷൈന്‍ നല്‍കിയ പരാതിയില്‍ മിന്നല്‍ വേഗമുള്ള പൊലീസ് ആക്ഷന് തുടക്കം മുതലേ പഴികേട്ടിരുന്നു. അതിനിടെയാണ് ഷൈന്‍റെ രണ്ടാമത്തെ പരാതിയില്‍ കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടി ഇന്നലെ കോടതിയില്‍ എട്ട് നിലയില്‍ പൊട്ടിയത്. അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഷാജഹാന് ജാമ്യം നല്‍കിയത്. ജാമ്യം കിട്ടാത്ത വകുപ്പ് എന്തിന് ഇട്ടുവെന്നും, ഷാജഹാന്‍റെ വീഡിയോയിലെ ലൈംഗിക ചുവയുള്ള വാക്ക് ഏതാണെന്ന് പോലും കോടതി ചോദിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി മുന്നോട്ട് പോകുമ്പോള്‍ നിയമത്തിന്‍റെ ബാലപാഠങ്ങള്‍ എങ്കിലും പൊലീസ് ഓര്‍ക്കേണ്ടെ എന്നാണ് ഉയരുന്ന ചോദ്യം. ഇതോടെയാണ് കെ.ജെ.ഷൈന്‍റെ പരാതി അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.
തിടുക്കപ്പെട്ടും സമ്മര്‍ദ്ദത്തിന് വഴങ്ങിയും മുന്നോട്ട് പോകേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഒന്നാം പ്രതി ഗോപാലകൃഷണന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ തുടര്‍ നടപടികളുണ്ടാകില്ല, കോണ്‍ഗ്രസ് പറവൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് എം.എസ് റെജിക്കെതിരെയും കെ.ജെ.ഷൈന്‍ പരാതി നല്‍കിയിരുന്നു. ഇതിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകാനാണ് നീക്കം. മുനമ്പം ഡിവൈഎസ് പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. ഡിവൈഎസ്പി രണ്ട് ദിവസം അവധിയായതിനാല്‍ ആലുവ ഡിവൈഎസ്പക്കാണ് കേസിന്‍റെ ചുമതല, ഇതുവരെയുള്ള അന്വേഷണ പുരോഗതിയടക്കം ചേര്‍ന്ന് അടുത്ത ദിവസം പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.



