പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി. ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് വരുത്തി തീര്‍ത്ത് നാടുവിട്ട ഗുജറാത്ത് സ്വദേശിയായ സിറാജ് അഹമ്മദിനെ ആണ് ഷൊര്‍ണൂര്‍ പൊലീസ് കണ്ടെത്തിയത്
പാലക്കാട്: പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച് സ്വയം മരിച്ചെന്ന് വരുത്തിതീര്‍ത്ത് നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കയ്യോടെ പൊക്കി കേരള പൊലീസ്.പഞ്ചാബി ഹൗസ് സിനിമാ സ്റ്റൈലിൽ നാടുവിട്ട ഗുജറാത്ത് സ്വദേശി ഗുഹാനി സിറാജ് അഹമ്മദ് ഭായിയെയാണ് പാലക്കാട് ഷൊർണൂർ പൊലീസ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് സിനിമ തിരക്കഥയെ വെല്ലും രീതിയിൽ സ്വന്തം മരണത്തെ ബന്ധുക്കളെ അറിയിച്ചശേഷം സ്ഥലം വിട്ടത്.ഗുജറാത്തിൽ നിന്ന് ബിസിനസ് ആവശ്യത്തിനായി കേരളത്തിലെത്തി ഷൊര്‍ണൂരിൽ വെച്ച് ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് വരുത്തി തീര്‍ത്ത് നാടുവിടുകയായിരുന്നു സിറാജ്.ബെംഗളൂരുവിൽ നിന്ന് കണ്ടെത്തിയ സിറാജിനെ ഒറ്റപ്പാലത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു.
റാഫി മെക്കാർട്ടിൻെറ പഞ്ചാബ് ഹൌസിലെ ദിലീപിൻെറ കഥാപാത്രമായ ഉണ്ണികൃഷ്ണൻ കടമൊഴിവാക്കാൻ കടലിൽ ചാടുകയായിരുന്നെങ്കിൽ ഇവിടെ സിറാജ് എന്ന റബ്ബർ കച്ചവടക്കാരൻ മരിക്കുകയാണെന്ന് അറിയിച്ച് ഭാരതപ്പുഴയിലാണ് ചാടിയത്.വാണിജ്യാടിസ്ഥാനത്തിൽ റബ്ബർ ബാൻറ് നിർമാണമാണ് ഗുജറാത്ത് സ്വദേശി ഗുഹാനി സിറാജ് അഹമ്മദ് ഭായിയുടെ ബിസിനസ്. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായി റബ്ബറെടുത്താണ് ഉൽപാദനം. കഴിഞ്ഞ മാസവും പതിവുപോലെ സിറാജ് അഹമ്മദ് കച്ചവട ആവശ്യത്തിനായി കേരളത്തിലേക്ക് വന്നു. സെപ്റ്റംബര്‍ 17നാണ് സിറാജ് അഹമ്മദ് ഷൊര്‍ണൂരിലെത്തുന്നത്. പാലക്കാട്ടെ രണ്ടു പേരുമായി കച്ചവമുറപ്പിച്ചു. ബിസിനസിൽ അരക്കോടി രൂപയുടെ കടബാധ്യതയുള്ളതിനാൽ റൊക്കം പണമെടുത്ത് നൽകാനാവാത്ത സ്ഥിതി. കടംവാങ്ങിയതിൻറെ അവധിയും കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാനും പറ്റാതായി. പിറ്റേദിവസം ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെറുതുരുത്തി പാലത്തിന് മുകളിലേക്ക് പോയി. തുടർന്ന് പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി മരിക്കുകയാണെന്ന തരത്തിൽ ഗുഹാനി സിറാജ് അഹമ്മദ് ഭാര്യക്കും ബന്ധുക്കള്‍ക്കും വാട്സ്ആപ്പ് സന്ദേശം അയച്ചു.
ബന്ധുക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും ഫയര്‍ഫോഴ്സുമടക്കം ഭാരതപ്പുഴയിൽ മൂന്ന് ദിവസം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കാണാതായ ആളെ കണ്ടെത്താൻ ഷൊര്‍ണൂര്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആളെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ സിറാജ് മുറിയെടുത്തതായി കണ്ടെത്തി. പിന്നീട് പാലക്കാട്, വടക്കഞ്ചേരി ഭാഗങ്ങളിൽ പോയതായും കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ ബെംഗളൂരുവിൽ നിന്ന് ഷൊര്‍ണൂര്‍ പൊലീസ് സംഘം കണ്ടെത്തിയത്. ബിസിനസ് തകര്‍ന്നതിനെതുടര്‍ന്ന് 50 ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്നുവെന്നും തിരികെ നാട്ടിലേക്ക് മടങ്ങിപോകാൻ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു 'വ്യാജ മരണം' ഉണ്ടാക്കിയതെന്നുമാണ് സിറാജ് പൊലീസിന് നൽകിയ മൊഴി.
താൻ മരിച്ചെന്ന് വരുത്തിതീര്‍ക്കാൻ പാലത്തിന് മുകളിൽ കയറി പുഴയുടെ ഫോട്ടോകളടക്കം എടുത്ത് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് അവരെ ബോധിപ്പിച്ചശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലം വിട്ടു. പുഴയിൽ നടത്തിയ തെരച്ചിൽ വിഫലമായതോടെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. ബെംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ബെംഗളൂരുവിലെ മജസ്റ്റിക്കിൽ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. പണം കടം കൊടുക്കാനുള്ളവരോട് എന്തുപറയണമെന്നറിയാത്തതിനാലും പ്രതിസന്ധിയായതിനാലുമാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നാണ് സിറാജ് പറയുന്നത്. ഷൊർണൂർ ഇൻസ്പെക്ടർ വി .രവികുമാർമാർ. എസ് ഐ കെ ആർ മോഹൻ ദാസ് , എഎസ്ഐമാരായ അനിൽ കുമാർ കെ, സുഭദ്ര, എസ്‍സിപിഒ സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.



