തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാലത്തലത്തിൽ ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരെ കണ്ടെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയാക്കാൻ സഹായിക്കുമെന്ന് കേരള പൊലീസ്. ജനമൈത്രി പോലീസിന്‍റെ സഹായത്തോടെയായിരിക്കും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവരെ കണ്ടെത്തുക. 

ഇങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ഉയർന്ന പരിഗണനയാണ് പോലീസ് നല്‍കുന്നതെന്ന് ‍‍ പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നവരേയും അതെല്ലാം ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനു വേണ്ട നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവര്‍ക്കും ഡിജിപി നല്‍കി.