തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ വിവരം ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് കേരള പൊലീസ് നോട്ടീസ്. ട്വീറ്റ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടനടി നീക്കിയില്ലെങ്കിൽ നിയമ നടപടിയെന്നും നോട്ടീസിൽ പറയുന്നു.
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ വിവരം ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്തകന് നോട്ടീസ്. കേരള പൊലീസ് ആണ് നോട്ടീസ് അയച്ചത്. ഉത്തർപ്രദേശിലെ മാധ്യമ പ്രവർത്തകൻ പീയുഷ് റായിക്കാണ് നോട്ടീസ് ലഭിച്ചത്. ട്വീറ്റ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഉടനടി നീക്കിയില്ലെങ്കിൽ നിയമ നടപടിയെന്നും നോട്ടീസിൽ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത്. സംഭവത്തിൽ കഴിഞ്ഞ ദിവസം അസിസ്റ്റൻറ് സെക്ഷൻ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്. ബിജെപി നൽകിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാൽ മാർച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മീഷൻ ഇന്നലെ അറിയിച്ചു.



