തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലുകൾ പൊളിച്ച് മാറ്റണമെന്ന് സമരസമിതികൾക്ക് പൊലീസിന്റെ നോട്ടീസ്. വാളയാർ സമരസമിതിക്കും ഷഹിൻബാഗ് സംയുക്തസമരസമിതിക്കുമാണ് നോട്ടീസ്. പന്തൽ പൊളിച്ച് മാറ്റില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ദില്ലിയിലെ ഷഹിൻബാഗ് സമരത്തിന്റെ പിന്തുണ നൽകി 14 ദിവസമായി സെക്രട്ടറിയേറ്റ് മുന്നിൽ  സംയുക്തസമരസമിതി പന്തൽ കെട്ടി സമരം നടത്തുന്നത്. വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ടുള്ള സമരം 26 ദിവസം പിന്നിട്ടു.

അതീവസുരക്ഷാമേഖലയിൽ പന്തൽകെട്ടിയുള്ള സമരം രണ്ട് ദിവസത്തിൽ കൂടുതൽ അനുവദിക്കില്ലെന്നാണ് ഇരു സംഘടനകൾക്കും നൽകിയിരിക്കുന്ന നോട്ടീസിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മറച്ചുള്ള പന്തൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ രണ്ട് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് കൺന്റോൺമെന്റ് എസ്ഐ നൽകിയിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കുന്നു. പൗരത്വനിയമം പിൻവലിക്കാതെ സമരം തീരില്ലെന്നാണ് സംയുക്തസമരസമിതിയുടെ പ്രഖ്യാപനം.

എന്നാൽ സമരം നിർത്തണമെന്നല്ല പന്തൽ പൊളിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശബരിമല സമരത്തിന് ശേഷം ആരും 15 ദിവസത്തിൽ കൂടുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം നടത്തിയിട്ടില്ലെന്നും സുരക്ഷാപ്രശ്നവും കാൽനടയാത്രക്കാർക്കുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോർപ്പറേഷനാണ് പന്തൽ പൊളിക്കുക. ഇതിനാവശ്യമായി സുരക്ഷ ഒരുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.