തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് സമയത്ത് പൊലീസിന്റെ പുതിയ ചിഹ്നത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ചിഹ്നത്തിൽ ചുവപ്പ് നിറം പൊലീസിനെ സ‍ർക്കാർ രാഷ്ട്രീയ വ‍ത്ക്കരിച്ചതിന്റെ പ്രതീകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

വെള്ള പ്രതലത്തിൽ മഞ്ഞയും കറുപ്പും കലർന്നതായിരുന്നു കേരള പൊലീസിന്റെ ഇതുവരെയുള്ള ചിഹ്നം. ചുവപ്പ് നിറത്തിലാണ് കേരള പൊലീസ് എന്നെഴുതിയിരുന്നത്. കഴിഞ്ഞ ദിവസം പരിഷ്ക്കരിച്ച ചിഹ്നത്തിൽ കറുത്ത പ്രതലത്തിൽ മഞ്ഞയും, പച്ചയും ഉണ്ടെങ്കിലും ചുവപ്പിനാണ് മുൻതൂക്കം. ഇനി മുതൽ ഈ ചിഹ്നമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഡിജിപി ഉത്തരവുമിറക്കി. ചിഹ്നത്തിലെ ചുവപ്പാണ് പ്രതിപക്ഷത്തിന്റെ ആയുധം. നേരത്തെ ചിഹ്നം പലരും പല നിറത്തിൽ ഉപയോഗിക്കാറുണ്ടെന്നും ഏകീകൃത രൂപം ഉറപ്പാക്കാനാണ് പരിഷ്ക്കരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ചിഹ്നത്തിനെതിരെ പ്രതിപക്ഷം

സംസ്ഥാന പൊലീസ് മോധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ചുവപ്പിനോടും കാവിയോടും വിധേയത്വമുള്ള അവസരവാദി കഴിവുകെട്ടവനാണെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. പൊലീസിന്റെ ലോഗോ മാറ്റിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പൊലീസ് ലോഗോയിൽ ചുവപ്പ് ചേർത്തതിൽ പ്രതിഷേധമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പൊലീസ് ഡ്രെസ് കോഡ് പാലിക്കുന്നില്ലെന്നും കയ്യിൽ ചരടും കെട്ടി നടക്കുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കൗ ബോയ് വേഷമിട്ടാണ് പൊലീസ് പൊതു ചടങ്ങിനെത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെയും ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ മുല്ലപ്പള്ളി രം​ഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്.  ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.
 
ഇതിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ നിയമനടപടിയുമായി ഡിജിപി രം​ഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയുടെ  പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട്  ബെഹ്റ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കത്തിൽ സർക്കാർ അനുമതിയും നല്‍കിയിരുന്നു. ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.