കൊവിഡ് ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ പാട്ടിന് ചുവടുവച്ചതിന് പിന്നാലെ ഹ്രസ്വചിത്രവുമായി വീണ്ടും കേരളാ പൊലീസ്. നേരത്തെ നഞ്ചമ്മയുടെ പാട്ടായിരുന്നുവെങ്കിൽ, ഇത്തവണ ലൂസിഫറിലെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിനായി പൊലീസ് കൂട്ടുപിടിച്ചിരിക്കുന്നത്.

കൊറോണ വൈറസ് അടുക്കലേക്ക് പാഞ്ഞെത്തുമ്പോൾ കൈകൾ ശുചിയാക്കി വയ്ക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റി വെറും രണ്ട് മിനുട്ട് നീളുന്ന ഹ്രസ്വചിത്രത്തിലൂടെ മനോഹരമായി പൊലീസ് ആവിഷ്കരിച്ചിരിക്കുന്നു. കൊറോണ പാഞ്ഞെത്തിയാലും ബ്രേക്ക് ദ ചെയിനിലൂടെ തടുക്കാം എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. 

"നിലപാടുണ്ട് ... നില വിടാനാകില്ല😍
ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും 
നിലപാടുണ്ട് ... നില വിടാനാകില്ല
നിങ്ങളോടൊപ്പമുണ്ട് ... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ 

ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു" എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

കേരളാ പൊലീസിന്റെ സോഷ്യൽമീഡിയ സെല്ലാണ് ഈ വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. കൈകഴുകൽ വീഡിയോ അന്തർദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു