തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. സംസ്ഥാനത്ത് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബർ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും അവ ഫോർവേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.