തിരുവനന്തപുരം: കൊവിഡ‍് കാലത്തെ കേരളത്തിന്‍റെ രാഷ്ട്രീയ മനസറിയാനുളള ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ അഭിപ്രായ സർവെ ഫലങ്ങളുടെ രണ്ടാം ഭാഗം ഇന്ന്. ആര് മുഖ്യമന്ത്രിയാകാനാണ് കേരളം ആഗ്രഹിക്കുന്നത് എന്നത് അടക്കമുള്ള നിര്‍ണായക ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് രണ്ടാം ഭാഗത്തിലുളളത്. 

തദ്ദേശ തെരഞ്ഞെടുപ്പും തൊട്ട് പിന്നാലെ പത്ത് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സ് എന്ത് ചിന്തിക്കുന്നു എന്നതിനുള്ള ഉത്തരമാണ് സര്‍വെയിൽ തേടിയത്. ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടിയാല്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണോ? ആരോഗ്യമന്ത്രിയായി ശോഭിക്കുന്ന കെ കെ ശൈലജയെ എത്ര ശതമാനം പിന്തുണക്കുന്നു? പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ജനപിന്തുണ എത്രമാത്രം? ഭരണമാറ്റമെന്ന പതിവാവര്‍ത്തിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി കാണാനാണോ ജനമാഗ്രഹിക്കുന്നത്? പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് എത്ര ശതമാനത്തിന്റെ പിന്തുണയുണ്ട്? മുല്ലപ്പളളി മുഖ്യമന്ത്രിയാകാനാഗ്രഹിക്കുന്നത് എത്ര ശതമാനം പേര്‍? കെ സുരേന്ദ്രനോ, പി കെ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയായി കാണാന്‍ എത്ര പേരാഗ്രഹിക്കുന്നു? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സര്‍വെയിൽ ഉള്ളത്. 

രാഷ്ട്രീയവും സാമുദായിക സമവാക്യവും ഇഴചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതൊക്കെ സമുദായങ്ങള്‍ ഏതൊക്കെ മുന്നണിക്കൊപ്പം? ന്യൂജെന്‍ വോട്ടര്‍മാരുടെ , യുവാക്കളുടെ, സ്ത്രീകളുടെ മനസ് ആര്‍ക്കൊപ്പം?കേരളത്തിന്റെ വര്‍ത്തമാനകാലരാഷ്ട്രീയത്തില്‍ തെക്കന്‍ കേരളവും, മധ്യ കേരളവും, വടക്കന്‍ കേരളവും എങ്ങോട്ട് ചായും?അപ്രതീക്ഷിതമായ മാറ്റങ്ങളും, ഉരുത്തിരിയുന്ന പുതിയ സഖ്യങ്ങളും ആര്‍ക്ക് നേട്ടമാകും? തുടങ്ങിയവക്കുള്ള മറുപടികളും കൂടി ഉൾപ്പെടുന്നതാണ് സര്‍വെയുടെ രണ്ടാം ഭാഗം. 

കേരള രാഷ്ട്രീയത്തിന്‍റെ ട്രെന്റ് അറിയാകുന്ന അമ്പത് നിയമസഭാ നിയോജകമണ്ഡലങ്ങൾ തെരഞ്ഞെടുത്ത് 10,409 വോട്ടര്‍മാരിൽ നിന്ന്  അഭിപ്രായം ആരാഞ്ഞാണ് സര്‍വെ സംഘടിപ്പിച്ചത്. ജൂൺ 18 മുതൽ 29 വരെയായിരുന്നു സർവേ.ഏഴരമുതൽ ഏഷ്യാനെറ്റ് ന്യൂസിൽ സര്‍വെ ഫലം തത്സമയം കാണാം. 

സര്‍വെയുടെ ആദ്യ ഭാഗം ഇവിടെ കാണാം: