തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പുനപരിശേോധന ഹർജികളിൽ വിധി വരുന്നത്. യുവതീ പ്രവേശന വിധി നടപ്പാക്കാനിറങ്ങിയ സംസ്ഥാന സര്‍ക്കാരിനും പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ക്കും വിധി നിര്‍ണ്ണായകമാണ്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

‌യുവതി പ്രവേശന വിധിയെ ചരിത്രപരം എന്നാണ് സംസ്ഥാന സര്‍ക്കാരും പ്രമുഖ രാഷ്ട്രീയകക്ഷികളും ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍ പന്തളത്ത് ഒരു രാഷ്ട്രീയക്ഷിയുടേയും കൊടിയില്ലാതെ അരങ്ങേറിയ നാമജപഘോഷയാത്രയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചത്. സംഘപരിവാര്‍ സംഘടനകള്‍ രൂപം നല്‍കിയ ശബരിമല കര്‍മ്മ സമിതിക്ക് പൂര്‍ണ പിന്തുണയുമായി ബിജെപി രംഗത്തിറങ്ങി. കൊടി പിടിച്ചുള്ള സമരത്തിനില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. 

ദര്‍ശനത്തിനെത്തിയ യുവതികളേയും സംഘടനകളേയും തടയലും പ്രതിഷേധവും അറസ്റ്റും ഹര്‍‍ത്താലും എല്ലാകൂടി ശബരിമലയെ ചുറ്റി ഇളകി മറിയുകയായിരുന്നു കേരളം. കൊഴുത്തു. മറുവശത്ത് സര്‍ക്കാര്‍ നവോത്ഥാനമതില്‍ തീര്‍ത്ത് പ്രതിരോധമൊരുക്കി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വിധി നടപ്പാക്കാനിറങ്ങിയ സര്‍ക്കാരും വിശ്വാസികളുടെ വികാരം മൊത്തത്തില്‍ ഏറ്റെടുത്ത ബിജെപിയും രണ്ട് ചുവട് പിന്നിലേക്ക് വച്ചു. പുനപരിശോധന ഹര്‍ജികളില്‍ വിധി വരാനിരിക്കെ മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്

സുപ്രീംകോടതി വിധി എതിരാണെങ്കില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആചാരസംരക്ഷണത്തിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു കഴിഞ്ഞു. പുനപരിശോധ ഹര്‍ജി നല്‍കാന്‍ തയ്യാറാകാതിരുന്ന ബിജെപിയും വിശ്വാസകള്‍ക്കൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

സുപ്രീംകോടതി വിധി എതിരായാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന് കോന്നി ഉപതെരഞ്ഞെടുപ്പിനിടെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയ്ക്ക് മാത്രമായിട്ടില്ല രാജ്യത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ് സുപ്രീംകോടതി വിധിയെന്നതിനാല്‍ ഈ ദിശയില്‍ എത്രത്തോളം ബിജെപി മുന്നോട്ട് പോകും എന്നത് കണ്ടറിയണം. 

യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ എന്‍.പത്മകുമാറായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും പലപ്പോഴും കലഹിച്ചും ഭിന്നിച്ചുമാണ് വിധി വരുന്ന അതേദിവസം അദ്ദേഹം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്. യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൂടി താത്പര്യമുള്ള എന്‍.വാസുവാണ് പുതിയ ബോര്‍ഡ് പ്രസിഡന്റ്. പത്മകുമാറിന് മാത്രമല്ല ശബരിമല കേസിലും റാഫാല്‍ കേസിലും കൂടി വിധി പ്രസ്താവിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും അടുത്ത ദിവസം ഔദ്യോഗിക സ്ഥാനത്ത് നിന്ന് പടിയിറങ്ങും.