തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണംചെയ്താണ് ഡിവെെഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്ക് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും മെഴുകുതിരി നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണംചെയ്താണ് ഡിവെെഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
ബുധനാഴ്ച രാത്രിയാണ് വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്ക് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും മെഴുകുതിരി നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്ഐയുടെ മെഴുകുതിരി വിതരണം.
കടുത്ത ചൂടിനിടെയാണ് സംസ്ഥാനത്ത് ദിവസങ്ങളായി വൈദ്യുതിനിയന്ത്രണം തുടരുന്നത്. മുന്നറിയിപ്പില്ലാതെ ഒരുദിവസം പലതവണകളായാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്. വൈകിട്ട് ആറരമുതൽ രാത്രി 12.30 വരെയുള്ള സമയത്തിനിടെയാണ് പലതവണകളായുള്ള വൈദ്യുതിമുടക്കം. അതേസമയം, നിലവിലെ വൈദ്യുതിപ്രതിസന്ധി കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയതലത്തിലുള്ള പ്രതിസന്ധിയാണെന്നുമാണ് വൈദ്യുതിമന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം. വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞിരുന്നു. എപ്പോൾ വൈദ്യുതിമുടങ്ങുമെന്നതിൽ കൃത്യമായ സമയം പറയാൻ കഴിയില്ലെങ്കിലും ഏകദേശസമയം ജനങ്ങളെ അറിയിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


