ആസൂത്രണ ബോർഡ് പരീക്ഷയുടെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമനം റദ്ദാക്കാന്‍ സാധ്യത.
തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും. വിവരം ഹൈക്കോടതിയെയും അറിയിക്കും. എന്നാൽ, നിയമനം നടന്നിട്ട് ഒരുവർഷം കഴിഞ്ഞത് കൊണ്ട് അരുൺ ജെ പ്രതാപിനെ പുറത്താക്കിയാൽ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്.
ഇന്നലെ രാത്രിയാണ് ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‍സി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‍സി പുറത്ത് വിട്ടത്. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുനർമൂല്യ നിർണയത്തിൽ ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ഒന്നാമതെത്തി നിയമനം നേടിയ അരുൺ പ്രതാപ് അഞ്ചാമതായി. പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ പിഎസ്‍സി നടത്തിയ ക്രമക്കേട് പഴയ പട്ടികയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന്‍റെ നിയമപോരാട്ടത്തിലൂടെയാണ് വെളിച്ചത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറത്തെത്തിച്ചത്. ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷൻ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട് ആരോപണം. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇടത് സംഘടനാ പ്രവർത്തകനായ അരുണിന് ഒന്നേകാൽ ലക്ഷം ശമ്പളം വരുന്ന തസ്തികയിലേക്ക് അതിവേഗ നിയമനവും നൽകി. പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്.
ഉത്തരക്കടലാസിൽ പത്ത് ചോദ്യങ്ങൾ മാർക്കിടാതെ വിട്ട അട്ടിമറി ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്തയായി. പിഴവ് സമ്മതിക്കാനോ വിവരങ്ങൾ നൽകാനോ തുടക്കത്തിൽ പിഎസ്‍സി തയ്യാറായിരുന്നില്ല. ഒടുവിൽ വാർത്തയായപ്പോൾ ഡിജിറ്റൽ മൂല്യനിർണയത്തിലെ തകരാറെന്ന് സമ്മതിക്കേണ്ടി വന്നു. അതിലും ചോദ്യങ്ങളുയർന്നപ്പോൾ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവായി. ഗത്യന്തരമില്ലാതെ പിഴവ് സമ്മതിച്ച് വീണ്ടും പിഎസ്‍സി മാർക്കിട്ടപ്പോൾ പുതിയ റാങ്ക് പട്ടിക വന്നു. മൂന്നാം റാങ്കുകാരൻ ശ്യാം കൃഷ്ണൻ ഒന്നാമതായി. പഴയ ലിസ്റ്റിൽ ഒന്നാമതെത്തി നിയമനം നേടിയ അരുൺ പ്രതാപ് അഞ്ചാം റാങ്കിലേക്ക് വീണു. അർഹതപ്പെട്ട ശ്യാം കൃഷ്ണൻ ജോലിയിലേക്ക്. ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി നടപടികള്‍ ഉടന്‍ ആരംഭിക്കും.

