Asianet News MalayalamAsianet News Malayalam

ചക്രവാതചുഴിയും ന്യൂനമർദ്ദവും, എന്നിട്ടും രക്ഷയില്ലേ? എവിടെ പോയി മഴ! അടുത്ത 5 ദിവസം കേരളത്തിൽ എന്ത് സംഭവിക്കും

കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലത്തെ പ്രവചനം അടിസ്ഥാനമാക്കിയാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മിതമായ/ ഇടത്തരം രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് സൂചന

Kerala Rain Latest News september 14 weather prediction Rain chance all over kerala asd
Author
First Published Sep 14, 2023, 6:36 AM IST

തിരുവനന്തപുരം: കാലവർഷം സെപ്തംബർ പകുതിയോടടുക്കുമ്പോഴും കാര്യമായ തോതിൽ ശക്തമാകാത്തതിന്‍റെ ആശങ്കയിലാണ് കേരളം. ഇതിനിടെ നിരവധി തവണ ശക്തമായ മഴ സാധ്യതയ്ക്കുള്ള അറിയിപ്പ് ഉണ്ടായിട്ടും വലിയ തോതിലുള്ള മഴ ലഭിച്ചില്ല. സെപ്തംബർ ആദ്യം മഴ ശക്തമാകുന്നതിന്‍റെ സൂചനകൾ കാട്ടിയെങ്കിലും പ്രതീക്ഷ അധികം നീണ്ടില്ല. ചക്രവാതചുഴിയും ന്യൂനമർദ്ദവും വലിയ പ്രതീക്ഷ നൽകിയെങ്കിലും മഴ മാത്രം കാര്യമായി പെഴ്തില്ല. സെപ്തംബർ മാസം പകുതിയിലേക്ക് നീങ്ങുമ്പോൾ കേരളത്തിന് വീണ്ടും പ്രതീക്ഷയായി ചക്രവാതചുഴിയും ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലത്തെ പ്രവചനം അടിസ്ഥാനമാക്കിയാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മിതമായ/ ഇടത്തരം രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് സൂചന.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം, ചക്രവാതച്ചുഴി; അടുത്ത 5 ദിവസം കേരളത്തിൽ മഴ, ജാഗ്രത മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന് മുകളിലായി നിലവിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദവു രൂപപ്പെട്ടിട്ടുണ്ട്. മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദം 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് ഇന്നലെ കാലാവസ്ഥ വകുപ്പ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മഴ സാധ്യതയുണ്ടെങ്കിലും കേരളത്തിലെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകളായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒന്നും തന്നെയില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

14-09-2023 മുതൽ 15-09-2023 വരെ: തെക്കൻ ബംഗാൾ  ഉൾക്കടലിൻറെ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
16-09-2023:  തെക്ക്-പടിഞ്ഞാറൻ ബംഗാൾ  ഉൾക്കടലിൻറെ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു കിഴക്കൻ  ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
17-09-2023: തെക്ക്-പടിഞ്ഞാറൻ ബംഗാൾ  ഉൾക്കടലിൻറെ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു കിഴക്കൻ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ  തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios