മഴക്കെടുതി: ആകെ മരണം 79, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം - Live

kerala rain live updates

4:18 PM IST

സംസ്ഥാനത്ത് ഇതുവരെ 79 മരണം, നാളെ ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും

മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 79 ആയി. ഇന്ന് സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് ഉത്തര്‍പ്രദേശ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍ ഇന്നും നാളെയും കേരളത്തിലെ ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. 

ഉരുള്‍പൊട്ടിയ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇവിടെ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ഉരുള്‍പൊട്ടിയ വയനാട്ടിലെ പുത്തുമലയില്‍ നിന്ന് 10 പേരുടെ മൃതദേഹം കണ്ടെത്തി. വയനാട് എംഎല്‍എ രാഹുല്‍ ഗാന്ധി ഇന്ന് പുത്തുമല സന്ദര്‍ശിച്ചു. വയനാട്ടിലെ ദുരിതാശ്വാസക്യാമ്പിലും രാഹുല്‍ സന്ദര്‍ശനം നടത്തി. 

4:00 PM IST

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വ്വകലാശാല 2019 ആഗസ്റ്റ് 16 വരെ  നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും, വൈവകളും  മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ സമയം പിന്നീട്  അറിയിക്കുന്നതാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

3:39 PM IST

വയനാട് ജില്ലയടക്കം അഞ്ച് ജില്ലകളില്‍ നാളെ അവധി

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 13.8.2019 ന്‌ അവധി പ്രഖ്യാപിച്ചു.  അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ക്കും നാളെ അവധി. 

3:37 PM IST

മലപ്പുറം ജില്ലയില്‍ നാളെ അവധി

മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 13) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും  അങ്കണവാടികൾക്കും  മദ്രസകൾക്കും അവധി ബാധകമായിരിക്കും. മഴ കുറവുണ്ടെങ്കിലും ജില്ലയിൽ  മിക്കയിടങ്ങളിലും  വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി.

3:33 PM IST

ക്യാമ്പിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്ന്  ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ  വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്. 

3:26 PM IST

എറണാകുളത്ത് നാളെ അവധി

ഓഗസ്റ്റ് 13 ചൊവ്വാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

3:19 PM IST

മധ്യവയസ്കൻ ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് മാവൂരിലെ ക്യാമ്പിൽ മധ്യവയസ്കൻ കുഴഞ്ഞ് മരിച്ചു. രാജു എന്നയാളാണ് മണക്കാട് യു പി സ്കൂൾ ക്യാമ്പിൽ മരിച്ചത്.

2:59 PM IST

കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 15 ആയി

മലപ്പുറം കവളപ്പാറയിൽ രണ്ട് മൃതദേഹം കൂടി കിട്ടി. കവളപ്പാറയിൽ ഇനി കണ്ടെത്താനുള്ളത് 44 പേരെ. ഇതുവരെ 15 മൃതദേഹം കണ്ടെടുത്തു

2:52 PM IST

കോഴിക്കോട് നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ അടക്കം കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും  അങ്കണവാടികൾക്കും  മദ്രസകൾക്കും അവധി ബാധകമായിരിക്കും

2:50 PM IST

ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടരുതെന്ന് രാഹുല്‍ ഗാന്ധി

ആരും ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടരുതെന്ന് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ആളുകളുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ക്യാമ്പിലെ ആളുകൾക്കിടയിലേക്ക് ഇറങ്ങി ഓരോരുത്തരെയും കണ്ട് രാഹുല്‍ സംസാരിച്ചു. വീട് നഷ്ടമായവർക്കെല്ലാം സഹായം ലഭ്യമാക്കും.
മുഖ്യമന്ത്രിയുമായും പ്രാധാന മന്ത്രിയുമായും സംസാരിച്ചു. കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലെങ്കിലും ശക്തമായ സമ്മർദ്ദം ചെലുത്തും.
ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നതിൽ സന്തോഷമെന്നും രാഹുല്‍ ഗാന്ധി. 

2:42 PM IST

ഓടുന്ന ട്രെയിനുകള്‍

മംഗലാപുരത്തുനിന്ന് തിരുവനന്തപുരം വരെ പോകുന്ന മലബാർ, മാവേലി, തിരുവനന്തപുരം എക്സ്പ്രസ് എന്നിവ ഇന്ന് ഓടും. നാല് ദിവസമായി ഈ വണ്ടികളുടെ സർവീസ്  ഭാഗികമായോ പൂർണമായോ തടസപ്പെട്ടിരിക്കുകയായിരുന്നു.

2:41 PM IST

ഷൊർണ്ണൂർ - കോഴിക്കോട് പാത തുറന്നു

ഷൊർണ്ണൂർ - കോഴിക്കോട് പാത തുറന്നു. ആദ്യം പാസഞ്ചർ ട്രെയിനുകൾ കടത്തിവിടും. കോഴിക്കോട് നാഗർകോവിൽ പാസഞ്ചർ ഉടൻ കടത്തി വിടും

2:40 PM IST

ദുരിതാശ്വാസക്യാമ്പുകള്‍ പിരിച്ചുവിടുന്നു

പൊയ്യ പഞ്ചായത്തിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ നാലെണ്ണവും പിരിച്ചുവിട്ടു. നിലവിൽ ഒരു ക്യാമ്പ് മാത്രമാണുള്ളത്. 66 പേർ ക്യാമ്പിൽ കഴിയുന്നു.

2:05 PM IST

തൃശ്ശൂരിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവധി. 

1:11 PM IST

പരീക്ഷ മാറ്റിവച്ചു

മഴക്കെടുതി കാരണം സംസ്ഥാന സഹകരണ യൂണിയൻ നാളെ ( 13.8.2019)  നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്ഡിസി&ബിഎം പരീക്ഷ  മാറ്റിവച്ചതായി അഡിഷണൽ രജിസ്ട്രാർ - സെക്രട്ടറി അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.

 

1:01 PM IST

'എന്‍റെ വയനാട് ദുരിതത്തിലാണ്'; സഹായമഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടില്‍ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വേണ്ടി സഹായാമഭ്യാര്‍ത്ഥിച്ച് എംപി രാഹുല്‍ ഗാന്ധി. തന്‍റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍.

Read more: 'എന്‍റെ വയനാട് ദുരിതത്തിലാണ്'; ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച്  രാഹുല്‍ ഗാന്ധി

12:56 PM IST

ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കൾക്കുൾപ്പെടെ ക്ഷാമം. ക്യാമ്പുകളിലേക്കാവശ്യമായ നാൽപ്പതോളം അവശ്യ സാധനങ്ങളുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തിറക്കി. 

12:54 PM IST

റദ്ദാക്കിയ ട്രെയിനുകള്‍

1.      ട്രെയിന്‍ നമ്പര്‍ 22654 ഹസ്രത്ത് നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് 12.08.19 

2.      ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്സ്പ്രസ് 12.08.19 

3.      ട്രെയിന്‍ നമ്പര്‍ 12626 ന്യൂഡെല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് 12.08.19 

4.      ട്രെയിന്‍ നമ്പര്‍ 22660 ഡെറാഡൂണ്‍ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് 12.08.19 

5.      ട്രെയിന്‍ നമ്പര്‍ 12521 – ബറോണി - എറണാകുളം രപ്തി സാഗര്‍ സൂപ്പര്‍ഫാസ്റ്റ് 2.08.19 

6.      ട്രെയിന്‍ നമ്പര്‍ 13351 – ധന്‍ബാദ് - ആലപ്പുഴ എക്സ്പ്രസ് 12.08.19 

7.      ട്രെയിന്‍ നമ്പര്‍ 12218 – ചണ്ഡിഗഡ് - കൊച്ചുവേളി കേരള സമ്പര്‍കാന്തി എക്സ്പ്രസ് 14.08.19 

12:48 PM IST

കേരളത്തിൽ വീണ്ടും പ്രളയം ഉണ്ടാകാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ച്ച: മാധവ് ഗാഡ്ഗില്‍

കേരളത്തിൽ വീണ്ടും പ്രളയം ഉണ്ടാകാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ച്ചയെന്ന് മാധവ് ഗാഡ്ഗിൽ. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്‍റെ താൽപര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും ഭാവിയെക്കുറിച്ചു സർക്കാർ മറന്നു.

വലിയ ക്വാറികൾക്കുപോലും ലൈസൻസ് നൽകുന്നത് നിർബാധം തുടരുകയാണ് കേരള സർക്കാർ.  പുതിയ നിയമങ്ങളല്ല നമുക്ക് വേണ്ടതുള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം.

കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്തുസംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര - കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.  മഴ തുടർച്ചയായി പെയ്തിട്ടും വടക്കൻ കർണാടകത്തിലെ ഡാമുകൾ കൃത്യസമയത്ത് തുറന്നുവിടാൻ അധികൃതർ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്മെന്‍റിനുപിഴവ് പറ്റിയതാണ് ഇരുസംസ്ഥാനങ്ങളിലും പ്രളയത്തിനിടയാക്കിയത്.

12:22 PM IST

പുത്തുമലയിലേക്ക് രാഹുല്‍ ഗാന്ധി

വയനാട് ഉരുള്‍പൊട്ടലുണ്ടായ പുത്തുമല ദുരന്ത ഭൂമിയിലേക്ക് അൽപ്പസമയത്തിനകം രാഹുൽ ഗാന്ധിയെത്തും. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

12:12 PM IST

കനത്ത മഴയിൽ ബേക്കൽ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു. കോട്ടയുടെ കിഴക്ക് ഭാ​ഗത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് തകർന്നത്. പ്രദേശത്ത് സന്ദർശകർ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Read More: ശക്തമായ മഴയിൽ ബേക്കൽ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു

12:09 PM IST

പുഞ്ചക്കൊല്ലിയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു

ആദിവാസി വിഭാഗത്തിൽപ്പെട്ട 250 ലേറെ ആളുകൾ കുടുങ്ങിക്കിടക്കുന്നു . മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തിലാണ് ഇവരുള്ളത് . വനത്തിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള പാലം തകർന്നു. രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ക്യാമ്പിലേക്ക് മാറാൻ തയ്യാറാകുന്നില്ല . ഭക്ഷണം കയറുകെട്ടി കോളനിയിലേക്ക് എത്തിക്കുന്നു .

12:03 PM IST

ഇന്നും നാളെയും മഴ പെയ്യുന്ന ജില്ലകള്‍

ഇന്നും നാളെയും ഏഴ് മുതൽ 20 സെന്‍റി മീറ്റർ വരെ മഴ പെയ്യും. ഇന്ന് ആലപ്പുഴയിലും എറണാകുളത്തും മഴപെയ്യും. നാളെ  ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും മഴ പെയ്യും.

11:59 AM IST

ഇന്നും നാളെയും ചിലവയിടങ്ങളില്‍ അതിശക്തമായ മഴ

ഇന്നും നാളെയും കേരളത്തിൽ ചിലയിടങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകും. തെക്കൻ ജില്ലകളിലും മഴ ഉണ്ടാകുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 14ാം തിയതി മുതൽ മഴ കുറയും. 

11:58 AM IST

ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രുപംകൊണ്ടു

ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപംകൊണ്ടുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 48 മണിക്കൂറിൽ ശക്തി പ്രാപിക്കും. എന്നാല്‍ അത് ഉത്തര്‍പ്രദേശ് ഭാഗത്തേക്ക് നീങ്ങുമെന്നും നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 

11:55 AM IST

തൃശ്ശൂരില്‍ ക്യാമ്പിലുള്ളത് 14701 പേര്‍

തൃശ്ശൂര്‍ ജില്ലയിൽ നിലവിൽ 266 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 14701 കുടുംബങ്ങളില്‍ നിന്നായി 46,622 പേർ കഴിയുന്നു. 
പുരുഷൻമാർ: 19611
സ്ത്രീകൾ: 20625
കുട്ടികൾ: 6386

11:53 AM IST

കള്ളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പൊട്ടി നിരവധി പേരെ കാണാതായ മലപ്പുറം കള്ളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ കവളപ്പാറയില്‍ നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 

11:51 AM IST

മലപ്പുറം: കോട്ടക്കുന്നില്‍ നിന്ന് അവസാനം മൃതദേഹവും കിട്ടി

മലപ്പുറം കോട്ടക്കുന്നിൽനിന്ന് കാണാതയവരില്‍ അവസാനത്തെ ആളുടെയും മൃതദേഹം കിട്ടിയതായി തഹസിൽദാർ അറിയിച്ചു, സരോജിനിയുടെ മൃതദേഹമാണ് കിട്ടിയത്. 

11:49 AM IST

പ്രതിസന്ധികള്‍ ഒറ്റക്കെട്ടായി മറികടക്കാം: രാഹുൽ ഗാന്ധി

സന്തോഷത്തോടെയല്ല മണ്ഡലത്തിലെത്തിയതെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. എങ്ങും വേദന മാത്രമാണുള്ളത്. ക്യാംപുകളിൽ നിരവധി അവശ്യ വസ്തുക്കൾ വേണം. മരുന്നുകളും ശുചീകരണ സാമഗ്രികളും ആവശ്യമുണ്ട്. സാഹചര്യങ്ങൾ കഠിനമാണ്. എന്നാൽ ഒറ്റക്കെട്ടായി ഈ  പ്രതിസന്ധി മറികടക്കണമെന്നും രാഹുല്‍ ഗാന്ധി

11:44 AM IST

തെറ്റുപറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

തന്‍റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന്‍. പറയാനുളളതെല്ലാം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. മുൻപത്തെ കളക്ടറുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല.  ദുരിത‌ാശ്വാസ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ച ശേഷമാണ് ലീവെടുത്തതെന്നും കളക്ടര്‍ പറഞ്ഞു

11:39 AM IST

കോഴിക്കോട് ജില്ലയില്‍ മാത്രം 60261 ആളുകൾ ക്യാമ്പില്‍

കോഴിക്കോട് ജില്ലയിൽ 309 ക്യാമ്പുകളിലായി 18878 കുടുംബങ്ങളിലെ 60261 ആളുകൾ കഴിയുന്നു. 

11:38 AM IST

ക്യാമ്പില്‍ ഉള്ളത് രണ്ടേമുക്കാല്‍ ലക്ഷത്തില്‍ കൂടുതല്‍ പേര്‍

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പില്‍ അഭയം തേടിയവരുടെ എണ്ണം രണ്ടേ മുക്കാൽ ലക്ഷം കവിഞ്ഞു. 276608 പേരാണ് ക്യാമ്പിലുള്ളത്. 1664 ക്യാമ്പുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. ഇതില്‍ 79958 കുടുംബങ്ങളുണ്ട്. 59 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 

11:35 AM IST

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്

മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 129.65 അടിയായി

11:30 AM IST

ഇടുക്കിയില്‍ 10 ക്യാമ്പുകള്‍ പിരിച്ചുവിട്ടു

ഇടുക്കി ജില്ലയിലെ 10 ക്യാമ്പുകൾ പിരിച്ചുവിട്ടു. 15 ക്യാമ്പുകളിലായി ഇനിയുള്ളത് 534 പേർ മാത്രം. 

11:29 AM IST

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നു

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു. 416.7 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ലോവർ ഷോളയാർ ഡാമിൽ 50% വെള്ളം മാത്രമാണ് ഉള്ളത്. 

11:28 AM IST

പരീക്ഷകള്‍ മാറ്റി

കേരള സർവകലാശാല നാളെ നടത്താനിരുന്ന (13/8/19) എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

11:26 AM IST

വീണ്ടും ന്യൂന മർദ്ദം; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം രൂപപ്പെടാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂന മർദം രൂപപ്പെടാൻ സാധ്യത. തീരദേശ പ്രദേശങ്ങളിൽ പരക്കെ മഴക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അതിതീവ്ര മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 

11:24 AM IST

ഇന്ന് റെഡ് അലര്‍ട്ട് ഇല്ല, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് റെഡ് അലര്‍ട്ട് ഇല്ല. രണ്ട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

11:14 AM IST

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയിട്ടില്ല'; വിശദീകരണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക യുടെ വിനിയോഗം സംബന്ധിച്ചുള്ള പ്രചാരണങ്ങൾക്ക് വിശദീകരണവുമായി സർക്കാർ. 
തുക വാക മാറ്റിയിട്ടില്ലെന്നും  വിവരം ആർക്കും പരിശോധിക്കാമെന്നും മറുപടി. റീ ബിൽഡ് കേരള മേധാവി ഡോ. വേണു ഐഎഎസ് ആണ് വിശദീകരണം നൽകിയത്. ദുരിതാശ്വാസ നിധിയിലെ തുക കെട്ടിട വാടക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

11:11 AM IST

ഷൊർണ്ണൂർ - കോഴിക്കോട് പാതയില്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നു

ഷൊർണ്ണൂർ - കോഴിക്കോട് തീവണ്ടിപ്പാതയിലെ ഗതാഗത തടസ്സം നീങ്ങി. ഈ റൂട്ട് സുരക്ഷിതമായെന്ന് ദക്ഷിണ റെയിൽവേ. 12:30 ഓടെ തീവണ്ടി സർവ്വീസുകൾ പുനഃരാരംഭിക്കും

11:10 AM IST

വിനോദസഞ്ചാരികള്‍ക്ക് അനുമതി

മഴ കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികൾ ക്കുള്ള വിലക്ക് നീക്കി. മലക്കപ്പാറ അതിരപ്പിള്ളി റോഡിലെ വാഹന ഗതാഗതവും പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു. ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത . തീരപ്രദേശങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത . അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .