തൊടുപുഴ: മഴ കനത്തതോടെ സംസ്ഥാനത്തെ ചെറുഡാമുകൾ തുറക്കുകയാണ്. ഇടുക്കിയിലെ മൂന്നടക്കം സംസ്ഥാനത്തെ ഏഴ് ഡാമുകളാണ് ഇതുവരെ തുറന്നത്. ഡാമുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂം തുറന്നെന്ന് ജലവിഭവവകുപ്പ് അറിയിച്ചു.

മഴ ശക്തമായതിനൊപ്പം കാലാവസ്ഥ വകുപ്പിന്‍റെ കനത്ത മഴ മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് ചെറു ഡാമുകൾ തുറക്കുന്നത്. ഇടുക്കി ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 50 സെന്‍റിമീറ്റർ വരെയാണ് തുറന്നത്. നേരത്തെ തുറന്ന മലങ്കര ഡാമിന്റെ ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീണ്ടും ഉയർത്തി. തൃശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു ഷട്ടർ കൂടി രാവിലെ തുറന്നു.

മംഗലം, കാഞ്ഞിരപ്പുഴ, അരുവിക്കര ഡാമുകളുടെയും മൂന്ന് ഷട്ടറുകൾ വീതം ഉയർത്തിയിട്ടുണ്ട്. മഴ കനത്താൽ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്നും പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഇടുക്കി, മുല്ലപ്പെരിയാർ, ഇടമലയാർ അണക്കെട്ടുകളുടെ ജലനിരപ്പുകളിൽ ആശങ്കപ്പെടേണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കിയിൽ 54 ശതമാനം വെള്ളം മാത്രമാണുള്ളത്. മുല്ലപ്പെരിയാരിൽ ജലനിരപ്പ് 118 അടി. 142 അടിയാണ് പരമാവധി സംരഭണ ശേഷി.

ചെറുഡാമുകളുടെയടക്കം അറ്റകുറ്റപണികൾ പൂർത്തിയാക്കിയെന്ന് ജലവിഭവകുപ്പ് അറിയിച്ചു. ഡാമുകളിലെ സ്ഥിതി നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ തുറന്നു.