ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴയില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.40 അടിയും. എന്നാൽ തെക്കൻ കേരളത്തിൽ കനത്ത മഴയാണ് പെയ്യുന്നത്. 

ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്ത് കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. 

ഇനി മഴ പെയ്താൽ  മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. 

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ്  അനുസരിച്ച് അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം. 

ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച്  അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട്‌ തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ  പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. 

YouTube video player

തെക്കൻ കേരളത്തിൽ കനത്ത മഴ

കനത്ത മഴയാണ് തിരുവനന്തപുരത്തും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത്. ശക്തമായ മഴയിൽ നെയ്യാറ്റിൻകരയ്ക്കും ബാലരാമപുരത്തിനും ഇടയിലുള്ള റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു.  നെയ്യാറ്റിൻകര മൂന്നുകല്ല്മൂട്ടിലാണ് സംഭവം. ഇവിടെയുള്ള പാലത്തിന്‍റെ സ്ഥിതിയും അപകടാവസ്ഥയിലാണെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

തിരുവനന്തപുരത്ത് മലയോരമേഖലകളായ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. കോവളം വാഴമുട്ടത്തു വീടുകൾക്ക് സമീപം മണ്ണിടിഞ്ഞത് ജനങ്ങൾക്കിടയിൽ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. 

അതേസമയം, അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 220 സെ. മീ ഉയർത്തിയിട്ടുണ്ട്. ഇന്ന് (നവംബർ-13) രാവിലെ 09:00 ന് 60 സെ.മീ. കൂടി ഉയർത്തുമെന്നും (മൊത്തം 280 സെ.മീ) സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. എന്നാൽ വടക്കൻ കേരളത്തിൽ, കോഴിക്കോട്ടടക്കം രാവിലെ മഴയില്ല.