Asianet News MalayalamAsianet News Malayalam

ചക്രവാതച്ചുഴി, മഴ ശക്തം: പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, നാല് ജില്ലകളില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ

ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത.

Kerala rains: IMD issues yellow alert for 10 districts joy
Author
First Published Oct 13, 2023, 1:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, ചേര്‍ന്നുള്ള കോമോറിന്‍ പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ലഭിക്കുന്ന മഴയുടെ തോതില്‍ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകള്‍ മുന്നിട്ട് നില്‍ക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ ലഭിക്കേണ്ട മഴയുടെ തോത് കുറവാണ്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളില്‍ കിട്ടുന്നതെന്നും നിരീക്ഷകർ പറഞ്ഞു.

'ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം സലാം, സമസ്തയിൽ സഖാക്കൾ ഉണ്ടെന്ന ആരോപണം ഗുരുതരം': ഉമർ ഫൈസി മുക്കം 
 

Follow Us:
Download App:
  • android
  • ios