Asianet News MalayalamAsianet News Malayalam

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; കടൽ പ്രക്ഷുബ്ദമായതിനാൽ അധികജലം ഒഴുകിപോകുന്നില്ല

പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കൻ വെള്ളം, ഒഴുകി മാറായാലേ ദുരിതത്തിന് പരിഹാരമാകൂ. തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ അധികജലം ഒഴുകിപോകുന്നില്ല.

kerala rains kuttanad upper kuttanad areas experience flooding
Author
Alappuzha, First Published May 16, 2021, 1:06 PM IST

ആലപ്പുഴ: കനത്ത മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലാണ്. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിച്ചെങ്കിലും കടൽപ്രക്ഷുബ്ദമായതിനാൽ അധികജലം ഒഴുക്കിവിടാനാകാത്ത സ്ഥിതിയാണ്. വെള്ളക്കെട്ട് രൂക്ഷമായ തലവടി, എടത്വ, കൈനകരി തുടങ്ങിയ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമാണ്. 

കൊവിഡ് കാലമായതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാനും ബുദ്ധിമുട്ടുണ്ട്. പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കൻ വെള്ളം, ഒഴുകി മാറായാലേ ദുരിതത്തിന് പരിഹാരമാകൂ. തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ അധികജലം ഒഴുകിപോകുന്നില്ല. എന്നാൽ വെള്ളപ്പൊക്ക ഭീതി മുന്നിൽകണ്ട് പൊഴി മുറിക്കുന്ന ജോലികൾ സമയബന്ധിതമായി ജലസേചനവകുപ്പ് തുടങ്ങിയില്ലെന്ന ആക്ഷേപം ശക്തമാണ്.

തണ്ണീർമുക്കം ബണ്ടിന്‍റെ 88 ഷട്ടറുകൾ തുറന്നിട്ടുണ്ട്. കുട്ടനാട്ടിലെ ജലനിരപ്പ് വരും ദിവസങ്ങളിൽ കുറയുമെന്ന് അധികൃതർ പറയുന്നു. ക്യാമ്പുകൾ തുടങ്ങാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർക്ക് ജില്ലാഭരണകൂടം ഭക്ഷ്യകിറ്റ് എത്തിച്ചുനൽകണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. നെല്ല് സംഭരണത്തിലെ മെല്ലപ്പോക്കും കുട്ടനാടൻ കർഷകരെ ദുരിതത്തിലാക്കുന്നു. ഒറ്റമശ്ശേരി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തുടങ്ങി തീരമേഖലയിൽ കടലേറ്റവും രൂക്ഷമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios