ദില്ലി: മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ രാജ്യത്തെ സംസ്ഥാനം കേരളമെന്ന് ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം നീതി ആയോഗ് നടത്തിയ രണ്ടാംഘട്ട റാങ്കിംഗിലും കേരളത്തിനാണ് ഒന്നാംസ്ഥാനം.രാജ്യത്തെ വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ ഗുണനിലവാര സൂചികാ പട്ടികയിൽ രാജ്യത്ത് ഒന്നാമതെത്തിയതിന് പിന്നാലെയാണ് ആരോഗ്യമേഖലയിലും കേരളം നേട്ടം കൊയ്യുന്നത്.

2030 ആകുമ്പോഴേക്കു് മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശം. എന്നാല്‍ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. മാതൃമരണനിരക്ക് കേരളത്തില്‍ നിലവില്‍ ഒരു ലക്ഷത്തില്‍ 46 മാത്രമാണ്. 2020 ആകുമ്പോഴേക്ക് ഇത് 30 ആക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്.

നീതി ആയോഗ് ആരോഗ്യ രംഗത്തെ 23 ഇനങ്ങളായി വിലയിരുത്തി പഠനം നടത്തിയപ്പോഴാണ് 2019 ലെ രണ്ടാം ഘട്ടത്തില്‍ കേരളം ഒന്നാമതെത്തിയത്. ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്‍ പോലുള്ള പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനം കാഴ്ചവെച്ചത്. അതേ സമയം ജീവിത ശൈലീ രോഗം കേരളത്തില്‍ കൂടുകയാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറഞ്ഞതിനൊപ്പം ജീവിതശൈലി രോഗങ്ങളുടെ നിരക്ക് കൂടിയ പ്രവണത നല്ലതല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പ്രതികരിച്ചു. നിലവിൽ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറി. എന്നാൽ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പതിനെട്ട് വയസ്സായ മുഴുവനാളുകളുടെയും പ്രമേഹവും രക്ത സമ്മര്‍ദ്ദവും പരിശോധിക്കുന്നതടക്കമുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടുപോവുകയാണിപ്പോള്‍.

20 വലിയ സംസ്ഥാനങ്ങളെ പിൻ തള്ളിയാണ് നീതി ആയോഗ് തയ്യാറാക്കിയ സ്കൂൾ എജ്യുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ( SEQI ) കേരളം  ആദ്യ സ്ഥാനം കൈവരിച്ചത്. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അഭിമാന നേട്ടത്തിലേക്കെത്താൻ കേരളത്തെ സഹായിച്ചത്.