തിരുവനന്തപുരം: ഇന്നലെ രാവിലെ 8.30 മുതല്‍ ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലുണ്ടായതിന് സമാനമായ മഴയാണ് ഈ 24 മണിക്കൂറില്‍ കേരളത്തില്‍ കിട്ടിയത്. 

ശക്തമായ മഴ സംസ്ഥാനത്ത് എല്ലായിടത്തും ലഭിച്ചതോടെ കേരളത്തിലെ മഴലഭ്യതയുടെ കുറവ് 14 ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി കുറഞ്ഞു. ഈ സമയത്ത് 1527 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു 1406.8 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ കിട്ടിയത്. 

സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇപ്പോള്‍ ശരാശരി മഴ കിട്ടിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ പക്ഷേ ഇപ്പോഴും 26 ശതമാനം മഴക്കുറവുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശരാശരിയിലും അധികം മഴ കിട്ടി. പാലക്കാട് 17 ശതമാനവും കോഴിക്കോട് 12 ശതമാനവും കണ്ണൂരില്‍ 2 ശതമാനവും അധികം മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷന്‍ രാജിവ് എരിക്കുളം പറയുന്നു.

സംസ്ഥാനത്തെ 23 സ്ഥലങ്ങളില്‍ ഇന്നലെ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോഴിക്കോട്  ജില്ലയിലെ വടകരയിലാണ്. 296മില്ലിമീറ്റർ മഴ പെയ്തത്. ഇന്നലെ 200 മില്ലിമീറ്ററിലധികം മഴ പെയ്ത അഞ്ച് സ്റ്റേഷനുകളും വടക്കന്‍ ജില്ലകളിലാണ്. 

200 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ച സ്ഥലങ്ങള്‍  

  1. വടകര                 296 മില്ലിമീറ്റർ 
  2. ഒറ്റപ്പാലം             286 മില്ലിമീറ്റർ 
  3. ഹൊസ്ദുർഗ്        220 മില്ലിമീറ്റർ 
  4. ഇരിക്കൂർ             211 മില്ലിമീറ്റർ 
  5. വൈത്തിരി        210 മില്ലിമീറ്റർ