തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഉടൻ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങൾ തുറക്കേണ്ട എന്ന തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു ഐക്യ വേദിയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ സങ്കുചിത രാഷ്ട്രീയമാണ്. ദേവസ്വം ബോർഡിനെതിരായ നീക്കം ഈ അജണ്ടയുടെ ഭാഗമായാണ്. ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ തുറക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്ഷേത്രം തുറക്കുന്നതിനേക്കാൾ സംസ്ഥാനം മുൻഗണന നൽകേണ്ടത് ക്ഷേത്രങ്ങൾക്ക് സഹായം നൽകാനാവണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദു സംഘടനാ നേതാക്കളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണം മുഴുവൻ എടുത്തു കളയുന്ന നിലപാട് പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രമടക്കം നിരവധി പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കേണ്ടെന്ന തീരുമാനം എടുത്തു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയടക്കം ടിടികെ ദേവസ്വത്തിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളിലും  ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ജൂൺ 30 വരെ തുടരാൻ തീരുമാനിച്ചു. നിത്യപൂജകൾ മുടക്കം കൂടാതെ നടക്കും. കോവിഡ് രോഗഭീതി ഒരു സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണിത്. 

സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ ജൂൺ മുപ്പത് വരെ  തിരുമല  ക്ഷേത്രത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് കൊച്ചിൻ തിരുമല ദേവസ്വം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം കമ്മിറ്റിയുടെ കീഴിലുള്ള മറ്റ്‌ ക്ഷേത്രങ്ങളിലും ജൂൺ മുപ്പത് വരെ പൊതുജനത്തെ പ്രവേശിപ്പിക്കില്ല. ലാറ്റിൻ കത്തോലിക്കാ സഭ ദില്ലി അതിരൂപതയുടെ കീഴിൽ ഉള്ള  പള്ളികൾ ഈ മാസം 28 വരെ തുറക്കില്ലെന്ന് ആർച് ബിഷപ് അനിൽ കൂട്ടോ വ്യക്തമാക്കി. എൻഎസ്എസിന് കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ല. കോഴിക്കോട് പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങളെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് തീരുമാനം.