പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം. വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിലേക്ക് വിടാതിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.അതേസമയം, ജനപ്രതിനിധി ഉൾപ്പടെ ഇടപെട്ട് പ്രാദേശികമായി പരിഹരിച്ച വിഷയം വീണ്ടും വിവാദമാക്കാനാണ് സർക്കാർ ശ്രമമെന്ന് കോൺഗ്രസ് ആരോപണം ആവർത്തിച്ചു.

കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്കമാക്കിയിരുന്നു. ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് അസഹിഷ്ണുതയുടെ ഉദാഹരണമെന്നും ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.