Asianet News MalayalamAsianet News Malayalam

മാസ്‍ക് മുഖ്യം: ഒന്നരവർഷത്തിന് ശേഷം നാളെ സ്കൂൾ ബെല്ലടിക്കും; ബയോബബിളായി ക്ലാസുകൾ, അറിയേണ്ടതെല്ലാം

രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി

Kerala school reopens tomarrow, Classroom under bio-bubble, guidelines
Author
Thiruvananthapuram, First Published Oct 31, 2021, 1:08 AM IST

തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകൾ തുറക്കുന്നത്. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കുട്ടികൾ സ്കൂളിലെത്തുമ്പോൾ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.  ആവശ്യമായ തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 8, 9  ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതൽ 8, 9 ക്ലാസികളും പ്ലസ് വണും കൂടി തുടങ്ങും.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ.  ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

തിരികെ സ്‌കൂളിലേക്ക്... മറക്കരുത് മാസ്‌കാണ് മുഖ്യം: ആരോഗ്യ വകുപ്പ്

പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. വിദ്യാര്‍ത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു.

ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുമാകും.

മറക്കരുതേ ഈ കാര്യങ്ങള്‍

· ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.

· ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളില്‍ എത്താവൂ.

· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.

· മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.

· വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

· കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.

· അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

· ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.

· പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.

· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ത്ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.

· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

· ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

· പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.

· ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കേണ്ടതാണ്.

· രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.

· രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.

· ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.

· വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.

· അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പരുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.

· കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

· വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

· മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.

Follow Us:
Download App:
  • android
  • ios