എ.ഐയിലും റോബോട്ടിക്സിലും കുട്ടികൾക്ക് പരിശീലനം; 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലെത്തുമെന്ന് മന്ത്രി
സ്കൂളുകളിൽ നൽകിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമെയാണ് 20,000 കിറ്റുകൾ കൂടി എത്തിക്കുന്നത്. വരുന്ന ഒക്ടോബർ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സംസ്ഥാനത്ത് സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെയും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും ഇടപ്പള്ളിയിലെ കൈറ്റ് റീജിയണൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നിലവിൽ സ്കൂളുകളിൽ നൽകിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമെയാണ് 20,000 കിറ്റുകൾ കൂടി എത്തിക്കുന്നത്. വരുന്ന ഒക്ടോബർ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിർമ്മിത ബുദ്ധിയും റോബോട്ടിക്സും എല്ലാ കുട്ടികളിലേക്കും എത്തുകയാണ്. രാജ്യത്താദ്യമായി ഈ വര്‍ഷം കേരളത്തിൽ ഏഴാം ക്ലാസിൽ എ.ഐ പരിചയപ്പെടുത്തി. അടുത്ത വര്‍ഷം 8, 9, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളിലേക്കും ഐ.സി.ടി പാഠപുസ്തക പരിഷ്കാരത്തിലൂടെ നിര്‍മിത ബുദ്ധിയും, റോബോട്ടിക്സും എത്തുകയാണെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ നൽകിയിരിക്കുന്ന റോബോട്ടിക് കിറ്റുകൾ നല്ല ചുവടുവെയ്പ്പാണെന്നും മന്ത്രി പറഞ്ഞു. നിർമ്മിതബുദ്ധി ടൂളുകൾ എങ്ങനെ ഉപയോഗിക്കുമെന്നല്ല നമ്മുടെ കുട്ടികൾ പഠിക്കുന്നത്. എഐയുടെ അടിസ്ഥാന കോഡിങ് ആണ് പഠിക്കുന്നത്. റോബോട്ടിക്സിന്റെ പ്രോഗ്രാമിംഗ് കുട്ടികൾ തന്നെ ചെയ്യുന്നു. ഗെയിമുകൾ വികസിപ്പിക്കുന്നു, അനിമേഷൻ തയ്യാറാക്കുന്നു, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളിൽ ചിലതുമാത്രമാണിത്. ഇത്തരം ശ്രമങ്ങളെ സഹായിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായാണ് അധിക റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, യൂണിസെഫ് സോഷ്യല്‍ പോളിസി ചീഫ് ഡോ.കെ.എല്‍ റാവു, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി. സുനില്‍, യൂണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം