Asianet News MalayalamAsianet News Malayalam

തീര സംരക്ഷണത്തിനായി കേന്ദ്ര സഹായം തേടി കേരളം; ആവശ്യപ്പെട്ടത് 2,400 കോടിയുടെ സഹായം

കേന്ദ്ര ഫിഷറീസ്, റെയിൽവേ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.അബ്ദുറഹ്മാൻ

Kerala seeks Centre aid of 2500 crore
Author
Delhi, First Published Aug 17, 2022, 3:18 PM IST

ദില്ലി: തീര സംരക്ഷണത്തിനായി 2,400 കോടിയുടെ കേന്ദ്ര സഹായം തേടി കേരളം. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം റുപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി.അബ്ദുറഹിമാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പോഷകാഹാരത്തിനും ഉപജീവനത്തിനും ആയുള്ള പദ്ധതിയുടെ വിഹിതവും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. തലസ്ഥാനത്ത് വിഴിഞ്ഞം വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് റെയിൽവേ മന്ത്രിയെയും വി.അബ്ദുറഹിമാൻ സന്ദർശിച്ചു. റെയിൽ ഭവനിലായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ച. 


വിഴിഞ്ഞം പദ്ധതിക്കെതിരായ സമരം പെട്ടന്ന് തീരുമാനമെടുക്കാൻ കഴിയുന്ന ഒന്നല്ല എന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നും വി.അബ്ദുറഹിമാൻ വ്യക്തമാക്കി. വിഴിഞ്ഞത്ത് ഇപ്പോൾ നിർമാണം നിർത്തി വച്ചിരിക്കുന്നത് മഴക്കാല നിയന്ത്രണങ്ങളുടെ ഭാഗമായാണ്. മൺസൂൺ സമയത്ത് കടലുമായി ബന്ധപ്പെട്ടുള്ള എല്ലാ നിർമാണങ്ങളും നിർത്തിവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തൊഴിലാളി സമരം രണ്ടാംദിനം,തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തും

അതസമയം, തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് രണ്ടാം ദിവസവും തുടരുകയാണ്യ പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. 31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്ന് സമര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കണം,വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പഠിക്കണം-ലത്തീൻ അതിരൂപത

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും  തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു.

Follow Us:
Download App:
  • android
  • ios