പ്രാഥമിക റൗണ്ടിൽ പാലക്കാട് ജിഎച്ച്എസ്എസ് മേഴത്തൂരിലെ ഷിബിൻ സുരേഷ് കെ ഒന്നാമതും മലപ്പുറം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീനന്ദ് സുധീഷ് രണ്ടാം സ്ഥാനവും തിരുവനന്തപുരം സെൻ്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ സിദ്ധാർഥ് കുമാർ ഗോപാൽ മൂന്നാം സ്ഥാനവും നേടി
ദില്ലി: കേന്ദ്ര യുവജനകാര്യ മന്ത്രാലയം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആദ്യത്തെ ഫിറ്റ് ഇന്ത്യ ക്വിസിൻ്റെ പ്രാഥമിക റൗണ്ടിൻ്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രാഥമിക റൗണ്ടിൽ പാലക്കാട് ജിഎച്ച്എസ്എസ് മേഴത്തൂരിലെ ഷിബിൻ സുരേഷ് കെ ഒന്നാമതും മലപ്പുറം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീനന്ദ് സുധീഷ് രണ്ടാം സ്ഥാനവും തിരുവനന്തപുരം സെൻ്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ സിദ്ധാർഥ് കുമാർ ഗോപാൽ മൂന്നാം സ്ഥാനവും നേടി. എറണാകുളം ഭവൻസ് വരുണ വിദ്യാലയം, കോട്ടയം ചങ്ങനാശേരി സെൻ്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് രാമകൃഷ്ണ മിഷൻ എച്ച്എസ്എസ്, പത്തനംതിട്ട സെൻ്റ് ജോൺസ് സ്കൂൾ,
എറണാകുളം കൊച്ചിൻ പബ്ലിക് സ്കൂൾ എന്നിവയാണ് പ്രാഥമിക റൗണ്ടിൽ യോഗ്യത നേടിയ മറ്റു സ്കൂളുകൾ.
ഫിറ്റ് ഇന്ത്യ ക്വിസിൻ്റെ പ്രാഥമിക റൗണ്ടിൽ രാജ്യത്തുടനീളമുള്ള 626 ജില്ലകളിലെ 13,502 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഇതിലെ 360 സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഇപ്പോൾ സംസ്ഥാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ക്വിസിന് 3.25 കോടി രൂപയാണ് സമ്മാനത്തുക. അത് ക്വിസിൻ്റെ വിവിധ ഘട്ടങ്ങളിൽ വിജയിക്കുന്ന സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും നൽകും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ക്വിസിൻ്റെ പ്രാഥമിക ഘട്ടം നടത്തിയത്. പ്രാഥമിക ഘട്ടത്തിൽ ഏറ്റവുമധികം സ്കോർ ചെയ്തവർ സംസ്ഥാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും അതത് സംസ്ഥാന ചാമ്പ്യന്മാരാകാൻ മത്സരിക്കുകയും ചെയ്യും.
36 സ്കൂൾ ടീമുകൾ (ഓരോ സംസ്ഥാനങ്ങളിൽ നിന്നും/അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിജയികൾ) ഈ വർഷാവസാനം നടക്കുന്ന ദേശീയ റൗണ്ടിൽ പങ്കെടുക്കും. ഓരോ തലത്തിലെയും ക്വിസ് വിജയികൾക്ക് ക്യാഷ് പ്രൈസ് (സ്കൂളിനും പങ്കെടുക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കും ) ലഭിക്കും. ഇന്ത്യയുടെ സമ്പന്നമായ കായിക ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തദ്ദേശീയ കായിക ഇനങ്ങളെക്കുറിച്ചും നമ്മുടെ ദേശീയ-പ്രാദേശിക കായിക നായകന്മാരെക്കുറിച്ചും അവരോട് പറയുകയുമാണ് ക്വിസിന്റെ പ്രധാന ലക്ഷ്യം.
