ദില്ലി: എന്‍എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ദില്ലിയിൽ ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. 

കഴക്കൂട്ടം മുതൽ കാസർകോട് വരെ ദേശീയപാത വീതി കൂട്ടാനുള്ള ധാരണാപത്രമാണ് ഒപ്പിട്ടത്. പാത ആറുവരിയാക്കാനായുള്ള സ്ഥലമേറ്റടുക്കലിനുള്ള ചെലവ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. തുക സംബന്ധിച്ച് ധാരണയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ധാരണപത്രം ഒപ്പിടാത്ത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി ശാസിച്ചിരുന്നു. സ്ഥലമേറ്റടുക്കലിന് വേണ്ടിവരുന്ന 5250 കോടിരൂപ കിഫ്ബി വഴി നൽകാൻ നേരത്തെ സംസ്ഥാനം തീരുമാനമെടുത്തിരുന്നു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ദേശീയപാത അതോറിറ്റി ജനറല്‍ മാനേജര്‍ അലോക് ദിപാങ്കറും ഒപ്പമുണ്ടായിരുന്നു.

എന്‍എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്‌നം കണക്കിലെടുത്ത് ഡിസൈനില്‍ പരമാവധി മാറ്റം വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിട്ടുള്ളത്.