തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വക ഈന്തപ്പഴം ലഭിച്ച അനാഥാലയങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സാമൂഹിക നീതി വകുപ്പ് നോട്ടീസ് അയച്ചു. ഈന്തപ്പഴം കൈപ്പറ്റിയതിന്റെ രസീതി ഹാജരാക്കാനാണ് നിർദ്ദേശം. നേരത്തെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം, സംസ്ഥാനത്ത് യുഎഇ കോൺസുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് സാമൂഹിക നീതി വകുപ്പിനോട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളിൽ 2017ലാണ് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് യുഎഇ കോണ്‍സുലേറ്റ് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഇതിന്‍റെ തുടര്‍ച്ചയായി 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാര്‍ഗത്തിലൂടെ നികുതി ഒഴിവാക്കി യുഎഇയില്‍ നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇങ്ങനെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളില്‍ എത്തിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. 

കസ്റ്റംസ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പ് കണക്കെടുപ്പ് തുടങ്ങിയിരുന്നു. ഈന്തപ്പഴ വിതരണത്തിന്‍റെ കണക്ക് ലഭ്യമാക്കണമെന്ന്  ജില്ലാ ഓഫീസര്‍മാര്‍ക്ക് സെക്രട്ടറി നിർദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് പല അനാഥാലയങ്ങളിലും സൂക്ഷിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നേരത്തെ ഖുർ ആൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു.