Asianet News MalayalamAsianet News Malayalam

മണ്ഡലത്തിന് പുറത്ത് സ്വകാര്യ ചടങ്ങുകൾക്ക് പോകില്ല, ലോക കേരള സഭ നടത്തിപ്പ് സുതാര്യമാക്കും: എംബി രാജേഷ്

ഏത് വിഷയത്തിലും ആരോപണങ്ങൾ മാത്രമല്ല അതിന്റെ പശ്ചാത്തലം കൂടി കാണണം. മുൻ സ്പീക്കർ തന്നെ ഉണ്ടാകേണ്ട ജാഗ്രതയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ ജാഗ്രത പാലിക്കും

Kerala Speaker MB Rajesh says wont attend private functions outside thrithala
Author
Thrithala, First Published May 26, 2021, 10:04 AM IST

തിരുവനന്തപുരം: താൻ പ്രതിനിധീകരിക്കുന്ന തൃത്താല മണ്ഡലത്തിന് പുറത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന് സ്പീക്കർ എന്ന നിലയിൽ പോകില്ലെന്ന് എംബി രാജേഷ്. ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കേരള സഭയുടെ നടത്തിപ്പ് സുതാര്യമാക്കുമെന്ന് പറഞ്ഞ അദ്ദേഹം പൊതുരാഷ്ട്രീയ വിഷയങ്ങളിൽ നിശബ്ദനായിരിക്കുന്ന പ്രശ്നമേയില്ലെന്നും പറഞ്ഞു.

ഏത് വിഷയത്തിലും ആരോപണങ്ങൾ മാത്രമല്ല അതിന്റെ പശ്ചാത്തലം കൂടി കാണണം. മുൻ സ്പീക്കർ തന്നെ ഉണ്ടാകേണ്ട ജാഗ്രതയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ ജാഗ്രത പാലിക്കും. അതുകൊണ്ട് മണ്ഡലത്തിന് പുറത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകില്ലെന്നത് ഒരു പൊതുനയമായി സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾ പോലുള്ള എന്തെങ്കിലും ഉദ്ഘാടന പരിപാടിയാണെങ്കിൽ ഇളവ് കൊടുക്കേണ്ടതുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളുടെ നിയന്ത്രണം ഗൗരവതരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയ്യേറ്റമായി ഇത് മാറരുത്. ഇരുതല മൂർച്ചയുള്ള വാളാണ് ഇത്. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്. അതിനെതിരായ കർശനമായ നടപടിയാവാം. എന്നാൽ പൊതു നിയന്ത്രണം കൊണ്ടുവരുന്നത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാവും. ദുരുപയോഗത്തെ എതിർക്കുകയും അതിനെതിരെ അഭിപ്രായ രൂപീകരണം ഉണ്ടാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി ശ്രീരാമകൃഷ്ണൻ തുടങ്ങിവെച്ചത് പലതും ഇന്നൊവേറ്റീവായ നിലപാടുകളായിരുന്നു. സഭ ഡിജിറ്റലാക്കിയതും സഭ ടിവിയും സഭാനടപടികൾ ആളുകൾക്ക് പ്രാപ്യമാവുന്നതിന് സഹായിച്ചു. അത്തരം നടപടികൾ തുടരും. ലോക കേരള സഭ പ്രവാസി മലയാളികളെ ഗൗരവമായ കണക്കിലെടുക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്ന ഒന്നാണ്. അതിന്റെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കാൻ ശ്രമിക്കുമെന്നും സ്പീക്കർ നിലപാടറിയിച്ചു.

സമൂഹത്തിൽ വലിയ മാറ്റമുണ്ട്. ചെറുപ്പക്കാർ പൊതുപ്രവർത്തനത്തിലേക്ക് വരുന്നുണ്ട്. പ്രളയം വന്നപ്പോൾ ചെറുപ്പക്കാരാണ് രംഗത്തിറങ്ങിയത്. വിശാലമായ സാമൂഹ്യ പ്രതിബദ്ധത കൊണ്ടാണ് അത്. അതാണ് രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന മാറ്റം സഭയിൽ പ്രതിഫലിക്കണം. ചെറുപ്പക്കാർ അതിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ജാഗ്രത ചെറുപ്പക്കാർ പ്രകടിപ്പിക്കുന്നുണ്ട്. നിയമസഭയിലും പരമ്പരാഗത രീതികൾ മാത്രം അവരെ തൃപ്തിപ്പെടുത്തണമെന്നില്ല. എങ്ങിനെ ക്രിയാത്മകമായി ഇടപെടാമെന്ന് ചെറുപ്പക്കാരായ അംഗങ്ങൾ ചിന്തിക്കുമെന്നാണ് കരുതുന്നത്.

സ്പീക്കർ എന്ന നിലയിൽ, സഭയുടെ പ്രവർത്തനത്തെ കൂടുതൽ ക്രിയാത്മകമാക്കാനുള്ള ഇടപെടലുമായി ബന്ധപ്പെട്ട് എല്ലാ കക്ഷി നേതാക്കളുമായി ആലോചിച്ച് സമവായമുണ്ടാക്കാൻ ശ്രമിക്കും. സമയത്തെ ഫലപ്രദമായി വിനിയോഗിക്കലാണ് പ്രധാനം. ചട്ടങ്ങളിൽ ആവശ്യമായ പരിഷ്കാരം വരുത്താവുന്നതാണ്. ഇപ്പോഴുള്ള ചട്ടങ്ങളിൽ മാറ്റം വേണമെന്ന പൊതുവായ അഭിപ്രായം വന്നാൽ അതും ആലോചിക്കാവുന്നതാണ്. അത്തരം നിർദ്ദേശങ്ങളോട് തുറന്ന സമീപനമായിരിക്കും സ്വീകരിക്കുക.

ഇന്നലെ വരെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചത് പോലെ തന്നെ ഇനിയും ഉപയോഗിക്കും. സ്പീക്കർ എന്ന നിലയിലെ ഔദ്യോഗിക കാര്യങ്ങൾ അറിയിക്കാൻ മാത്രമായിരിക്കില്ല അത്. പൊതുവായ നിലപാടുകൾക്ക് രാഷ്ട്രീയ ഉള്ളടക്കം ഉണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെ വക്താവായിട്ടാവില്ല ഇനിയുള്ള പ്രതികരണം. കക്ഷി രാഷ്ട്രീയത്തിന് പുറത്തുള്ള വിശാലമായ രാഷ്ട്രീയ വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കും. ഇക്കാര്യത്തിൽ ഇന്നലെ താൻ സഭയിൽ നൽകിയ വിശദീകരണത്തിന് പ്രതിപക്ഷ നേതാവ് കൈയ്യടിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ വിശദീകരണം അദ്ദേഹത്തിനും ബോധ്യപ്പെട്ടുവെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios