Asianet News MalayalamAsianet News Malayalam

കുതിച്ചുകയറി കൊവിഡ്, മരുന്ന് ക്ഷാമമില്ലെന്ന് ആർആർടി, ലാബുകൾ ഫലം വേഗം നൽകണം

സുരക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമമില്ല. ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കും - സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിലയിരുത്തി. 

Kerala State Covid Situation Analysed By RRT Meeting Under Health Minister Veena George
Author
Thiruvananthapuram, First Published Jan 20, 2022, 5:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ അടിയന്തര യോഗം ചേര്‍ന്നു. കൊവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സർവൈലൻസ്, ഇന്‍ഫ്രാസ്ട്രക്ചർ ആന്‍റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ്, മെറ്റീരിയല്‍ മാനേജ്‌മെന്‍റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍റ് ഓക്‌സിജന്‍, വാക്‌സിനേഷന്‍ മാനേജ്‌മെന്‍റ്, പോസ്റ്റ് കോവിഡ് മാനേജ്‌മെന്‍റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാ തല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സര്‍വൈലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വൈലന്‍സ്, ട്രാവല്‍ സര്‍വൈലന്‍സ്, കമ്മ്യൂണിറ്റി സര്‍വൈലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സര്‍വൈലന്‍സ് കമ്മിറ്റിയുടെ ഭാഗമായുള്ള ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ശക്തിപ്പെടുത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ദൗത്യം. കൊവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍ ഈ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളെ കൂടി ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കൊവിഡ് രോഗികളുടെ വാക്‌സിനേഷന്‍ അവസ്ഥ, ചികിത്സ, ഡിസ്ചാര്‍ജ് തുടങ്ങിയ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കുന്നതായിരിക്കും.

ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ചര്‍ച്ചയായി. മള്‍ട്ടി ലെവല്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതാണ്. ആവശ്യമാണെങ്കില്‍ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതാണ്.

സുരക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമമില്ല. ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും ഓക്‌സിജന്‍ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കും. സംസ്ഥാനത്ത് വാക്‌സീന്‍ സ്റ്റോക്കുണ്ട്. പോസ്റ്റ് കോവിഡ് മാനേജ്‌മെന്‍റ് ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ പോസ്റ്റ് കൊവിഡ് ചികിത്സ ലഭ്യമാണ്. ഒമിക്രോണ്‍ സാഹചര്യത്തില്‍ സമയബന്ധിതമായി താഴെത്തട്ട് വരെ പരിശീലനം പൂര്‍ത്തിയാക്കണം. ഓരോ ആശാവര്‍ക്കര്‍മാരിലും പരിശീലനം എത്തിയെന്ന് ഉറപ്പ് വരുത്തും.

ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേഗത്തില്‍ നല്‍കും. ആശുപത്രിയിലെ അണുബാധ നിയന്ത്രണത്തിന് വലിയ പ്രാധാന്യം നല്‍കണം. പനിയും മറ്റ് കോവിഡ് രോഗ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പരിശോധന നടത്തണം.

ഇ - സഞ്ജീവനി ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതാണ്. കൊവിഡ് ഒപിയില്‍ ദിവസവും 1200- ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റില്‍ താഴെയാക്കും. രോഗികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ മാനസികാരോഗ്യ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും.

ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ആര്‍ആര്‍ടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികള്‍ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ജോയന്‍റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios