Asianet News MalayalamAsianet News Malayalam

കേരളത്തിന് അഭിമാന നിമിഷം; ഗതാഗത ഉച്ചകോടിയിൽ കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്കാരം

കഴിഞ്ഞ 3 വർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി കെഎസ്ആർടിസിയെ  പുരസ്കാരത്തിനായി പരിഗണിച്ചത്.

Kerala State Road Transport Corporation wins award at transport summit at Barcelona vkv
Author
First Published Jun 6, 2023, 10:18 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു.ഐ.ടി.പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു.ഐ.ടി.പി പൊതു ഗതാഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. 

കഴിഞ്ഞ 3 വർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി കെഎസ്ആർടിസിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി നടക്കുന്നത്.  ജൂൺ 5 ന് നടന്ന ചടങ്ങിൽ കെഎസ്ആർടിസിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ്‌ പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 

അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യു.ഐ.ടി.പി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്ആർടിസിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇത് പോലെയുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂൺ 6 ന് ഇതേ വേദിയിൽ നടക്കുന്ന ബസ് ഫ്ലീറ്റ് നവീകരണത്തിലെ ഊർജ്ജ പരിവർത്തന തന്ത്രങ്ങൾ എന്ന വിഷയത്തിലെ ചർച്ചയിൽ പാനലിസ്റ്റായും സ്പീക്കറുമായും ക്ഷണിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലെ ഊർജ്ജ പരിവർത്തന സാദ്ധ്യതകളെപ്പറ്റി സംസാരിക്കും.

Read More : ജന്മനാ ഗുരുതര ഹൃദയ വൈകല്യം, ഒരുവയസുകാരന്‍റെ ജീവൻ തിരിച്ച് പിടിച്ച് ശസ്ത്രക്രിയ, വീണ്ടുമൊരു വിജയഗാഥ

Follow Us:
Download App:
  • android
  • ios