Asianet News MalayalamAsianet News Malayalam

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലെ ജേതാക്കള്‍ ഏറ്റുവാങ്ങി

സ്ത്രീകളുടേയും കുട്ടികളുടേയും വിഷയം പ്രമേയമാക്കിയുള്ള മികച്ച ‍ഡോക്യുമെന്‍ററിക്കുള്ള പ്രത്യക ജൂറി പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസ് വെബ് ടീമിലെ ഷഫീഖ് ഖാൻ ഏറ്റുവാങ്ങി. ആഴക്കടലിൽ മത്സ്യബന്ധനത്തിന് ലൈസന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതയുടെ കഥ പറയുന്ന ഡോക്യൂമെന്ററിയായ  'കടലമ്മ'ക്കാണ് പുരസ്കാരം ലഭിച്ചത്.

kerala state television awards 2018
Author
Thiruvananthapuram, First Published Oct 30, 2019, 10:27 PM IST

തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർ‍ഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ടാ​ഗോർ തിയറ്റിൽ വച്ച് നടന്ന ചടങ്ങിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ സമ്മാനിച്ചു. ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച അന്വേഷണാത്മക റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ.അരുൺകുമാർ ഏറ്റുവാങ്ങി. മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസ് ഗൾഫ് ബ്യൂറോയിലെ സുജിത്ത് സുന്ദരേശനും നേടി. 

സ്ത്രീകളുടേയും കുട്ടികളുടേയും വിഷയം പ്രമേയമാക്കിയുള്ള മികച്ച ‍ഡോക്യുമെന്‍ററിക്കുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഏഷ്യാനെറ്റ് ന്യൂസ് വെബ് ടീമിലെ ഷഫീഖ് ഖാൻ ഏറ്റുവാങ്ങി. ആഴക്കടലിൽ മത്സ്യബന്ധനത്തിന് ലൈസന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതയുടെ കഥ പറയുന്ന ഡോക്യൂമെന്‍ററിയായ  'കടലമ്മ'ക്കാണ് പുരസ്കാരം ലഭിച്ചത്. ഷഫീഖ് ഖാന്‍ എസ് സംവിധാനം ചെയ്ത ഡോക്യൂമെന്‍ററിക്ക് ക്യാമറ ചലിപ്പിച്ചത് രാജീവ് സോമശേഖരനാണ്.

ആഴക്കടലിലെ 'കടലമ്മ'യെ കുറിച്ച്.. 

ഉള്‍ക്കരുത്തൊന്നു മാത്രം തുണയാക്കി ഓളങ്ങളെ വകഞ്ഞ് അന്നം കണ്ടെത്തുന്ന ഒരു സ്ത്രീ. അതെ, രേഖ കാര്‍ത്തികേയന്‍... ഇന്ത്യയില്‍ ആദ്യമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ  വനിത. ചാവക്കാട് ചേറ്റുവ കടപ്പുറത്തിന് മാത്രമല്ല, കേരളത്തിന് തന്നെ അഭിമാനമാണ് ഈ പെണ്‍ജീവിതം.

അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് കാലി ചായയും കുടിച്ച് രേഖ ജോലിക്കിറങ്ങും. കൂട്ടിന് ഭര്‍ത്താവ് കാര്‍ത്തികേയനുമുണ്ടാകും.  നാല് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തില്‍, തനിക്ക് താഴെയുള്ള മൂന്നുപേരുടെ കാര്യങ്ങള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മായ നോക്കും. 

ഉള്‍ക്കടലിന്‍റെ ഓളങ്ങള്‍ വകഞ്ഞ് മത്സ്യബന്ധനം നടത്തി  12 മണിയോടെ രേഖയും കാര്‍ത്തികേയനും തിരിച്ചുവരും. ചേറ്റുവ ഹാര്‍ബറില്‍ മീന്‍ വിറ്റ ശേഷം വീട്ടിലെത്തി വിശ്രമം. വൈകുന്നേരം മൂന്നു മണിയോടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍. അങ്ങനെ പോകുന്നു രേഖയുടെയും കുടുംബത്തിന്‍റെയും ജീവിതം.

കരുത്തുറ്റ പെണ്‍ജീവിതത്തിന്‍റെ കാണാക്കാഴ്ചകളും  പത്ത് മാറ് ഉള്‍ക്കടലില്‍ (15 കിലോ മീറ്ററോളം) പോയി മത്സബന്ധനം നടത്തുന്നതിന്‍റെ നേര്‍ക്കാഴ്ചകളും ഒപ്പിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം തയ്യാറാക്കിയ ദൃശ്യാവിഷ്കാരത്തിലേക്ക്...

Follow Us:
Download App:
  • android
  • ios