ബെംഗളൂരുവിൽ നിയമവിരുദ്ധമായി കാർ രൂപമാറ്റം വരുത്തിയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് യെലഹങ്ക ആർടിഒ 1.11 ലക്ഷം രൂപ പിഴ ചുമത്തി. കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്കാണ് പിഴയിട്ടത്.  

ബെംഗളൂരു: രൂപമാറ്റം വരുത്തി, സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന രീതിയിലാക്കിയ കാറുമായി നിരത്തിലിറങ്ങിയ മലയാളി വിദ്യാര്‍ഥിക്ക് ഒരു ലക്ഷം രൂപയിലധികം പിഴ ചുമത്തി. കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്കാണ് ബെംഗളൂരു യെലഹങ്ക ആർടിഒ 1,11,500 രൂപ പിഴ ചുമത്തിയത്. പുതുവത്സര ആഘോഷങ്ങൾക്കായി ബെംഗളൂരുവിലെത്തിയതായിരുന്നു വിദ്യാര്‍ഥി. തന്റെ 2002 മോഡൽ ഹോണ്ട സിറ്റി കാറിലാണ് ഇയാള്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയത്. സൈലന്‍സറില്‍ നിന്ന് തീയും വലിയ ശബ്ദവും പുറത്തുവരുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. 

തുപ്പുന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ജനുവരി 2-ന് ഹെന്നൂർ ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ആർടിഒയ്ക്ക് കൈമാറി പിഴയടപ്പിക്കുകയായിരുന്നു.