തിരുവനന്തപുരം: ചോദ്യപേപ്പർ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച ( ഡിസംബർ 31 ) സാങ്കേതിക സർവ്വകലാശാല നടത്തിയ ബി ടെക് മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്‍റെ സ്വിച്ചിങ് തിയറി ആൻഡ് ലോജിക് ഡിസൈൻ പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.  

കഴിഞ്ഞ സെപ്റ്റംബറിൽ, തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ ( സിഇടി ) നടത്തിയ ഇന്‍റേണൽ പരീക്ഷക്ക് നൽകിയ ചോദ്യപേപ്പർ അതേപടി ആവര്‍ത്തിച്ചാണ് സർവകലാശാല പരീക്ഷക്കും നൽകിയത്. സിഇടിയില്‍ നടന്ന പരീക്ഷയിലെ ചോദ്യപേപ്പറിൽ നിന്ന് രണ്ടാമത്തെ ചോദ്യം മാത്രം ഒഴിവാക്കി മറ്റുള്ളവ അതേപടി പകർത്തിവെച്ചാണ് സർവകലാശാല പരീക്ഷ ചോദ്യപേപ്പറിന്‍റെ ഒന്നാം പാർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്.

സർവകലാശാലയുടെ ചോദ്യപേപ്പർ തയ്യാറാക്കിയ സംഘത്തിൽ സിഇടിയിലെ അധ്യാപകനും ഉണ്ടായിരുന്നു. ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും സാങ്കേതിക സർവ്വകലാശാല അറിയിച്ചു.