2022 ലെയും 2023 ലെയും സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്ക് അർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു
തിരുവനന്തപുരം: 2022ലെയും 2023ലെയും സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ 2023ലെ മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ അജീഷ് വെഞ്ഞാറമൂട് ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള പുരസ്കാരം സയൻസ് ടോക്കിനായി ശാലിനി എസ് സ്വീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ടോപ്പ് ഗിയറിൻ്റെ സംവിധായകൻ ഷഫീഖ് ഖാനും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച രണ്ട് ഡോക്യുമെന്ററികളുടെ നിർമാണത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് വേണ്ടി എഡിറ്റർ എ.കെ മുരളീധരൻ സ്വീകരിച്ചു.
സംസ്ഥാന സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മികച്ച അഭിമുഖകാരനുള്ള പ്രത്യേക പരാമർശ പുരസ്കാരം കെ.അരുൺകുമാർ ഏറ്റുവാങ്ങി. ഡോക്യുമെന്ററി ജനറൽ വിഭാഗത്തിൽ എം.ജി.അനീഷിനാണ് പുരസ്കാരം. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്കാരം മിഥുൻ സുധാകരൻ സ്വീകരിച്ചു. 2022ലെ മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള പുരസ്കാരം പ്രപഞ്ചവും മനുഷ്യനും എന്ന പരിപാടി തയ്യാറാക്കിയ രാഹുൽ കൃഷ്ണ ഏറ്റുവാങ്ങി. 2022ലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രമുഖ മാധ്യമപ്രവർത്തകൻ ബൈജു ചന്ദ്രന് സമ്മാനിച്ചു.
