സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം

തിരുവനന്തപുരം: സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതി ലോല മേഖല (Forest Buffer Zone) സംബന്ധിച്ച സുപ്രീംകോടതി (Supreme Court of India) ഉത്തരവിനെതിരെ കേരളം. ജനവാസ മേഖലയെ ഒഴിവാക്കാനായി നിയമ നടപടിക്കാണ് നീക്കം.നാളെ വനം മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നത തലയോഗത്തില്‍ തുടര്‍നടപടിക്ക് രൂപമാകും.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിര‍്മ്മാണ പ്രവര്‍ത്തിയും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. 

ദേശീയഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല.നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഉത്തരവ് കേരളത്തിന് തിരിച്ചടിയാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിധി പുനപരിശോധിക്കണമെന്നും സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഡീന്‍ കുര്യാക്കോസ് എംപിയും ആവശ്യപ്പെട്ടു

സംരക്ഷിത വനമേഖലയില്‍ ഒന്ന് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ബഫര്‍സോണായി കണക്കാക്കണമെന്നാണ് കേന്ദ്രം ഒടുവില്‍ പുറത്തിറക്കിയ വിജ്‍ഞാപനത്തിലുള്ളത്. ഇക്കാര്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടെ കേരളം, കൃത്യമായി ബഫര്‍ സോണ്‍ നിര്‍ണ്ണയിച്ച് നല്‍കിയിട്ടുമില്ല.വിജ്ഞാപനത്തിനെതിരെ വിവിധ കോടതികളിലും ഗ്രീന്‍ ട്രിബ്യൂണലിലും വ്യവഹാരങ്ങൾ നിലനില്‍ക്കുകയാണ്. അതേ സമയം ഏതെങ്കിലും ഹൈക്കോടതികളോ കീഴ്ക്കോടതികളോ കടകവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചാല്‍ സുപ്രീംകോടതി വിധിക്കായിരിക്കും പ്രബല്യമെന്നും ഇന്നലത്തെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്