ബീഫ് കേരളത്തിന്‍റെ സംസ്കാരം അല്ല, കാലാവസ്ഥ വൃതിയാനത്തിന് കാരണം ബീഫാണ്, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് നിരോധിക്കുക, ഇനി കേരളം സന്ദര്‍ശിക്കില്ല, പന്നിയിറച്ചി കൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന്‍റെ താഴെ വന്നിരിക്കുന്നത്
തിരുവനന്തപുരം: ബീഫ് ഉലര്‍ത്തിയതിന്‍റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന ട്വീറ്റ് ചെയ്തതിന് പിന്നാലെ കേരള ടൂറിസത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വാക്പോര്. തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചുള്ള കമന്‍റുകളുമായാണ് ഒരു സംഘം പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടില്‍ നിന്നുള്ള വിശിഷ്‌ടമായ വിഭവം എന്ന് കുറിച്ചാണ് കേരള ടൂറിസം ബീഫ് ഉലര്‍ത്തിയതിന്‍റെ പാചക്കൂട്ട് ട്വീറ്റ് ചെയ്തത്. ഇതേച്ചൊല്ലി നിരവധി പേരാണ് പോസ്റ്റിനടിയില്‍ കമന്‍റുകളുമായി രംഗത്ത് വന്നത്.
ബീഫ് കേരളത്തിന്‍റെ സംസ്കാരം അല്ല, കാലാവസ്ഥ വൃതിയാനത്തിന് കാരണം ബീഫാണ്, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് നിരോധിക്കുക, ഇനി കേരളം സന്ദര്‍ശിക്കില്ല, പന്നിയിറച്ചി കൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന്‍റെ താഴെ വന്നിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് വിമര്‍ശന കമന്‍റുകളുമായി എത്തിയവരില്‍ ഏറെയും.
ബീഫ് ഉലര്‍ത്തിയതിന്‍റെ കൂടെ പൊറോട്ടയും കഴിക്കുന്നതിന്‍റെ സ്വാദ് വിശദമാക്കുന്ന കമന്‍റുകളും ഒപ്പം വന്നിട്ടുണ്ട്. പശുവിനെ ചൊല്ലി രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതങ്ങളും നടന്നപ്പോള്‍ വലിയ പ്രതിഷേധമാണ് കേരളത്തിലുണ്ടായത്. ബീഫ് ഫെസ്റ്റിവല്‍ അടക്കം കേരളത്തിന്‍റെ അങ്ങോളമിങ്ങോളം നടന്നത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
