Asianet News MalayalamAsianet News Malayalam

കേരളത്തിൽ ലോക്കോ അൺലോക്കോ? ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം

രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ്  സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. 

kerala unclock or lock more meeting today for taking decision
Author
Thiruvananthapuram, First Published Aug 3, 2021, 12:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ്  സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ക്ഡൗണ്‍ പിൻവലിക്കാനും ശുപാർശയുണ്ടാകും.

രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണ്ണമായി ഇളവുകൾ നൽകുന്നതിന് എതിരെ കേന്ദ്രം  സ്വീകരിക്കുന്ന നിലപാടും സർക്കാർ പരിഗണിക്കും. എന്നാൽ ഓണക്കാലവും, നിയന്ത്രണങ്ങൾക്ക്  എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതൽ ഇളവുകൾക്ക് തന്നെയാണ് സാധ്യത. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ മറുവശത്ത് ലോക്ക്ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശവും, വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ.

തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക്ഡൗൺ രീതി എന്തായാലും കേരളം മാറ്റും. വിദഗ്ധസമിതിയുടെ ബദൽ നിർദ്ദേശങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിച്ച കേന്ദ്രസംഘവും ഊന്നൽ നൽകിയത്. ഇതിനിടെ അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയിരുന്നു. ബുധനാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ  തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന്  കോടതി അഭിപ്രായപ്പെട്ടു.

സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഈ മാസം ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. പ്രശ്‍ന പരിഹാരം കാണാൻ  സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും സമിതി സംസ്ഥാന അധ്യക്ഷൻ നസറുദ്ദീൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios