തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചയിലേക്ക് പോകുന്നെന്ന ആശങ്കയുണര്‍ത്തി മഴക്കുറവ് കണക്ക്. തുലാവര്‍ഷം പിൻവാങ്ങുമ്പോൾ സംസ്ഥാനത്ത് 26 ശതമാനമാണ് മഴക്കുറവ്. വേനല്‍മഴയിലാണ് ഇനി സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. ഇത് കൂടി പ്രതീക്ഷിച്ച പോലെ കിട്ടാത്ത അവസ്ഥ ഉണ്ടായാൽ കനത്ത വരൾച്ചയായിരിക്കും വരും മാസങ്ങളിൽ ഉണ്ടാകുകയെന്നാണ് ആശങ്ക. 

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷമായി കണക്കാക്കുന്നത്. 491.6 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്തു ഇത്തവണ കിട്ടിയത് 365.3 മില്ലിമീറ്റർ  മാത്രം. കാസര്‍കോട് ജില്ലയില്‍ 14 ശതമാനം മഴ അധികം കിട്ടി. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് പെയ്തത്. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് പെയ്തത്.  2019ല്‍ തുലാവര്‍ഷകാലത്ത് ലഭിച്ചത് 625 മില്ലിമീറ്റർ  മഴയാണ്,അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ പകുതിയോളം കുറഞ്ഞു.

തുലാവര്‍ഷത്തില്‍ മഴ കുറഞ്ഞതോടെ കേരളം കടുത്ത വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും നീങ്ങുമെന്ന ആശങ്ക ശക്തമാവുകയാണ്. മാര്‍ച്ച്, ഏപ്രില്‍ ,മേയ് മാസക്കാലത്തായി 361 മില്ലിമീറ്റര്‍ വേനല്‍ മഴയാണ് ശരാശരി കേരളത്തില്‍ കിട്ടാറുള്ളത്. ഇതില്‍ കാര്യമായ കുറവുണ്ടായാല്‍ സംസ്ഥനത്ത് പലയിടത്തും ശുദ്ധജലക്ഷാമം ഉണ്ടായേക്കും..നിലവില്‍ സാഹചര്യത്തില്‍ അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍ കടുക്കുമെന്നാണ് സൂചന.