38 പേരാണ് അനധികൃത നിയമനം നേടിയത്. അനുബന്ധ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിവാദമായ അസിസ്റ്റൻറ് ഗ്രേഡ് തട്ടിപ്പിൽ നിയമനം ലഭിച്ചവരിൽ 38 പേരും പ്രതികളാകും. ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടെന്നും ഉടൻ അഡീഷണൽ കുറ്റപത്രം നൽകുമെന്നും ക്രൈം ബ്രാഞ്ച് എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ അസിസ്റ്റൻറ് രജിസ്ട്രാർ തസ്തികയിലെത്തിയവർ വരെയാണ് പ്രതികളാകുന്നത്.
കേരളത്തെ പിടിച്ചുകുലുക്കിയ നിയമനത്തട്ടിപ്പാണ് കേരളയിലെ അസിസ്റ്റൻറ് ഗ്രേഡ് പരീക്ഷയിൽ നടന്നത്. 2008ലായിരുന്നു നിയമനം. ആകെ നിയമിക്കപ്പെട്ടത് 181 പേർ. അതിലെ 38 പേരുടെ നിയമനം അനധികൃതമാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഇതിൽ പലരും സിപിഎം നേതാക്കളുടെ ബന്ധുക്കളാണ്. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ എന്ത് കുറ്റം ചുമത്തണമെന്നതിൽ നിയമോപദേശം തേടും.
മുൻ വിസി എംകെ രാമചന്ദ്രൻ നായർ, മുൻ പ്രോ വിസി ഡോ ജയപ്രകാശ് അടക്കം 7 പേരെ പ്രതികളാക്കി ആദ്യ കുറ്റപത്രം ഇന്ന് കോടതിയിൽ നൽകി. 40000 ത്തോളം പേർ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലസാകുൾ നശിപ്പിച്ചാണ് ക്രമക്കേട് നടത്തിയത്. എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞ വേണ്ടപ്പെട്ടവർക്ക് അഭിമുഖത്തിൽ മാർക്ക് കൂട്ടിക്കൊടുക്കുകയായിരുന്നു. പ്രതികളാകുന്ന ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി ശ്രദ്ധേയമാണ്. 2009ൽ അനർഹരെ പിരിച്ചുവിടണമെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു . പക്ഷെ നിയമനം ലഭിച്ചവർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. പ്രതികളാക്കിയാൽ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിക്കാനിടയുണ്ട്.





