ചേരാനല്ലൂർ വാഹനാപകട കേസിലെ പ്രതിയായ 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം.

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിലെ പ്രതിയായ 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം. മകനും മകളും ആണ് അഡീഷണൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. കോടതി നിർദേശ പ്രകാരം പിഴവുകൾ പരിഹരിച്ചാണ് അപ്പീൽ. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്‍റെ നടപടി റദ്ദാക്കണം എന്നും അപ്പീലില്‍ ആവശ്യപ്പെട്ടു. 17കാരന്‍റെ ജാമ്യം റദ്ദാക്കാൻ അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് നൽകിയ അപ്പീലില്‍ ഗുരുതര പിഴവുണ്ടായിരുന്നു. തുടർന്നാണ് വീണ്ടും അപ്പീല്‍ നല്‍കിയത്.

പ്രായപൂർത്തിയാകാത്തയാളുടെ പേര് വിരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷൻ അപ്പീൽ. ജയബാലകൃഷ്ണന്‍റെ കുടുംബം നൽകിയ അപ്പീലിലും കുട്ടിയുടെ പേര് വിവരങ്ങളടങ്ങിയിരുന്നു. ഇങ്ങനെയാണോ അപ്പീൽ നൽകുന്നത് എന്ന് കോടതി ചോദിച്ചു. ജെജെ ആക്ട് പ്രകാരം രണ്ട് വർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പേര് വിവരങ്ങൾ ഒഴിവാക്കി പുതിയ അപ്പീൽ നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് വീണ്ടും അപ്പീല്‍ നല്‍കിയത്. നാളെ കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ കുടുംബത്തിന്‍റെ അഭിഭാഷകൻ ശ്രീജിത്തിനെ, ജയബാലകൃഷ്ണന്‍റെ അനന്തരവൾ ജയലക്ഷ്മി എതിർത്തത് നാടകീയരംഗങ്ങൾക്ക് ഇടയാക്കി.

ജയബാലകൃഷ്ണന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടീപ്പിച്ചെന്നായിരുന്നു ജയലക്ഷ്മി കോടതിയിൽ പറഞ്ഞത്. എന്നാൽ മകളാണ് വക്കാലത്ത് ഏൽപ്പിച്ചതെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുടുംബമാണ് അഭിഭാഷകൻ ശ്രീജിത്തിനെ കേസ് ഏൽപ്പിച്ചതെന്നും ജയബാലകൃഷ്ണന്‍റെ മകൾ പിന്നീട് വ്യക്തമാക്കി.

ചേരാനല്ലൂർ കേസിലെ വീഴ്ചകൾക്ക് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ കാളിരാജ് മഹേഷ്കുമാർ ഇന്ന് ഓഫീസൊഴിഞ്ഞു. 17കാരനായി അഡീഷണൽ ജഡ്ജിയുൾപ്പടെ ആരും തന്നെ വിളിച്ചിട്ടില്ലെന്ന് പടിയിറങ്ങവേ കാളിരാജ് മഹേഷ്കുമാർ. കാളിരാജിന് പകരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റു. ചേരാനല്ലൂർ കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് പുതിയ കമ്മീഷണർ പ്രതികരിച്ചു.

YouTube video player