കേരള സർവകലാശാല സിൻ്റിക്കേറ്റിനും റജിസ്ട്രാർക്കുമെതിരെ നടപടിക്ക് രാജ്‌ഭവൻ
തിരുവനന്തപുരം: കേരള സർവകലാശാല സിൻ്റിക്കേറ്റിനും റജിസ്ട്രാർ അനിൽകുമാറിനുമെതിരെ, ചാൻസലറായ ഗവർണർ നടപടിയിലേക്ക് നീങ്ങുന്നു. അനിൽകുമാറിനെ ചുമതലയിൽ നിന്ന് നീക്കാനാണ് രാജ്‌ഭവൻ്റെ ആലോചന. സിൻഡിക്കേറ്റിനെതിരെ രാജ്‌ഭവൻ നടപടി ആലോചിക്കുന്നുണ്ട്. വിഷയത്തിൽ സർക്കാർ - ഗവർണർ പോര് കടുത്തിരിക്കെയാണ് രാജ്‌ഭവൻ്റെ നീക്കം. വൈസ് ചാൻസലർ സിസ തോമസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാൻസലർ നടപടിയിലേക്ക് നീങ്ങുന്നത്.
അതി നാടകീയ രംഗങ്ങൾ കേരള സർവ്വകലാശാലയിൽ തുടരുകയാണ്. വിസി - സിൻ്റിക്കേറ്റ് പോര് കടത്തപ്പോൾ ചരിത്രത്തിൽ ആദ്യമായി രണ്ട് പേരാണ് ഇപ്പോൾ സർവകലാശാലയുടെ രജിസ്ട്രാർ പദവിയിലുള്ളത്. സസ്പെൻഷൻ റദ്ദാക്കിയ സിൻ്റിക്കേറ്റ് തീരുമാനപ്രകാരം രാവിലെ തന്നെ കെഎസ് അനിൽകുമാർ രജിസ്ട്രാർ കസേരയിലെത്തി ചുമതലയിൽ ഏറ്റെടുത്തിരുന്നു. പിന്നാലെ പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് രജിസ്ട്രാറിൻറെ ചുമതല നൽകി വിസി സിസ തോമസ് പുതിയ ഉത്തരവിറക്കി.
എന്നാൽ അനിൽ കുമാർ കസേരയൊഴിയില്ല. ഹൈക്കോടതി ഇന്ന് തുടങ്ങിയപ്പോൾ തന്നെ സസ്പെൻഷനെതിരായ ഹർജി പിൻവലിക്കുന്നതായി കെഎസ് അനിൽകുമാർ അറിയിച്ചു. സിൻ്റിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കി വീണ്ടും നിയമിച്ചതിനാൽ ഹർജി പിൻവലിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. വിസിയുടെ അഭിഭാഷകൻ എതിർപ്പ് ഉയർത്താൻ ശ്രമിച്ചെങ്കിലും പരാതികളുള്ളവർക്ക് ഉചിതമായ സമിതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നടപടി അനുകൂലമാണെന്ന് കെഎസ് അനിൽകുമാറും ഇടത് സിൻ്റിക്കേറ്റ് അംഗങ്ങളും വിലയിരുത്തി.
കോടതി തീരുമാനത്തിന് പിന്നാലെ വിസി സിസ തോമസ് ഗവർണ്ണർക്ക് റിപ്പോർട്ട് നൽകി. അനിൽകുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ സിൻ്റിക്കേറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്നായിരുന്നു റിപ്പോർട്ട്. റജിസ്ട്രാർക്ക് പിന്നാലെ ജോയിന്‍റ് റജിസ്ട്രാർ പി ഹരികുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയതും മിനി കാപ്പന് റജിസ്ട്രാറുടെ താൽകാലിത ചുമതല നൽകിയതും വിസി അറിയിച്ചു. വിസി പിരിച്ചു വിട്ട യോഗത്തിൽ തുടർന്നതിനും മിനുട്സ് തയ്യാറാക്കിയതിനുമാണ് ജോയിൻ്റ് റജിസ്ട്രാർക്ക് എതിരെ നടപടിയെടുത്തത്. രാവിലെ 9 ന് മുമ്പ് വിസി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഹരികുമാർ മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ചു. വിസിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാൻസലറായ ഗവർണർ എടുക്കുന്ന തീരുമാനം നിർണായകമാകും.

